നിപ: രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 311 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍
ഇവര്‍ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്.ഇവരോട് വീട്ടില്‍ തന്നെ കഴിയുവാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും നേരിട്ട് ഫോണില്‍ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഇവരില്‍ ചെറിയ പനി, തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ള നാലു പേരെ വിദഗ്ദ്ധ ചികില്‍സ, പരിശോധന എന്നിവയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായും എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.ഇവരില്‍ മൂന്നു പേര്‍ രോഗിയെ ആശുപത്രിയില്‍ പരിചരിച്ച സംഘത്തിലുണ്ടായിരുന്നവരാണ്. ഒരാള്‍ രോഗിയോടൊപ്പം പഠിച്ച വിദ്യാര്‍ഥിയും.
കൊച്ചി: എറണാകുളം പറവൂര്‍ വടക്കേക്കര സ്വദേശിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യുവാവുമായി അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരും പരിചരിച്ചവരുമടക്കം 311 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍. ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി.ഇവര്‍ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടില്‍ തന്നെ കഴിയുവാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും നേരിട്ട് ഫോണില്‍ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഇവരില്‍ ചെറിയ പനി, തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ള നാലു പേരെ വിദഗ്ദ്ധ ചികില്‍സ, പരിശോധന എന്നിവയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായും എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.ഇവരില്‍ മൂന്നു പേര്‍ രോഗിയെ ആശുപത്രിയില്‍ പരിചരിച്ച സംഘത്തിലുണ്ടായിരുന്നവരാണ്. ഒരാള്‍ രോഗിയോടൊപ്പം പഠിച്ച വിദ്യാര്‍ഥിയും. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു ജില്ലകളിലുള്ളവരെ അതാത് ജില്ലയില്‍ നിന്നും നിരീക്ഷണം നടത്തുന്നുണ്ട്്.
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെയും ജീവനക്കാര്‍ക്ക് നാളെ പരിശീലനം നല്‍കും. പനിബാധിതരായി എത്തുന്ന രോഗികളെ പരിചരിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ഒരുക്കേണ്ട സജ്ജീകരണങ്ങള്‍ എന്നിവ സംബന്ധിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ബോധവല്‍ക്കരണം നല്‍കും. കോഴിക്കോട് നിപ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അന്നത്തെ ജില്ലാ കലക്ടര്‍ യു വി ജോസ്, കോഴിക്കോട് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍ എസ് ഗോപകുമാര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ എന്നിവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലെത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എപിഡെമിയോളജിയില്‍ നിന്നുമുള്ള ശാസ്ത്രജ്ഞന്മാരായ ഡോ. തരുണ്‍, ഡോ. ആരതി, ഡോ. ഹരി എന്നിവരും കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കി.കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നും ഡോ രുചി ജയ്‌നിന്റെ നേതൃത്വത്തിലുള്ള എഴംഗസംഘവും എത്തിയിട്ടുണ്ട്.
ആരോഗ്യമന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ വിവിധ മെഡിക്കല്‍ ടീമുകളുടെ യോഗം ചേര്‍ന്ന് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി.രോഗത്തെ കുറിച്ചു പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദുരീകരിക്കുവാന്‍ കലക്ടറേറ്റില്‍ ആരംഭിച്ചിട്ടുള്ള ജില്ലാ കണ്‍ട്രോള്‍ റൂമില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 1077 എന്ന ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് പൊതുജനങ്ങളുടെ നിരവധി ഫോണ്‍ വിളികളാണ് എത്തുന്നത്. രോഗം പകരുന്നതെങ്ങിനെയെന്നത് സംബന്ധിച്ചാണ് ഭൂരിപക്ഷം വിളികളും. തിരക്കുള്ള സ്ഥലങ്ങളില്‍ പോകുന്നത് സംബന്ധിച്ചും, വവ്വാലുകളുടെ സാന്നിദ്ധ്യം സംബന്ധിച്ചും, വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുന്നത് സംബന്ധിച്ചുമുള്ള അന്വേഷണങ്ങളും എത്തുന്നുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ടതായ യാതൊരു സാഹചര്യവുമില്ല. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാ ദിവസവും ഫോണ്‍ മുഖേന ബന്ധപ്പെട്ട് ആരോഗ്യനില വിലയിരുത്തുന്നതും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതാണെന്നും കലക്ടര്‍ പറഞ്ഞു.