ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ല; ലാബ് റിപോര്‍ട്ട് പോലിസിന് കൈമാറി

കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിന്റെ റിപോര്‍ട്ട് പോലിസിന് കൈമാറി. 9 മണിക്കൂറിനുശേഷം ശേഖരിച്ച രക്തസാംപിളാണ് പരിശോധനയ്ക്ക് അയച്ചത്.

Update: 2019-08-05 11:20 GMT

തിരുവനന്തപുരം: മദ്യലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് റിപോര്‍ട്ട്. കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിന്റെ റിപോര്‍ട്ട് പോലിസിന് കൈമാറി. 9 മണിക്കൂറിനുശേഷം ശേഖരിച്ച രക്തസാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഞായറാഴ്ച രാത്രിയില്‍തന്നെ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന പ്രാഥമികവിവരം പുറത്തുവന്നിരുന്നു. അപകടം നടന്ന സമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നെന്നും ശ്രീറാമാണ് കാറോടിച്ചതെന്നും സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ശ്രീറാമിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസും ഇക്കാര്യം മൊഴി നല്‍കിയിരുന്നു.

എന്നാല്‍, അപകടത്തിനുശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാമിന്റെ രക്തം പരിശോധനയ്ക്ക് ശേഖരിച്ചിരുന്നില്ല. അതേസമയം, ആശുപത്രിയിലെത്തിച്ചപ്പോള്‍ മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടര്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടിയ ശ്രീറാം, രക്തം പരിശോധനയ്‌ക്കെടുക്കാന്‍ വിസമ്മതിച്ചെന്നാണ് പോലിസ് പറഞ്ഞിരുന്നത്. പിന്നീട് ഉച്ചയോടെയായിരുന്നു രക്തം പരിശോധനയ്‌ക്കെടുത്തതും ലാബിലേക്ക് അയച്ചതും. മദ്യലഹരിയില്‍ വാഹനമോടിച്ചതിന്റെ പേരിലാണ് ശ്രീറാമിനെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തിയിരുന്നത്. എന്നാല്‍, രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന പരിശോധനാഫലം പുറത്തുവരുന്നതോടുകൂടി ശ്രീറാമിനെതിരേ ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമാവുമോയെന്ന ആശങ്കയാണുയര്‍ന്നിരിക്കുന്നത്. 

Tags:    

Similar News