ബലാല്‍സംഗക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം;പരാതി വൈകിയത് ജാമ്യത്തിന് കാരണം
2018 ജനുവരി 1 മുതല്‍ 2019 ഡിസംബര്‍ 31 വരെ പല സമയങ്ങളിലായി ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി
കൊച്ചി: ബലാല്‍സംഗക്കേസില്‍ സിനിമാ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം. 2018ല്‍ നടന്നുവെന്ന് പറയുന്ന സംഭവത്തിന് 2024ല്‍ പരാതി നല്‍കിയതിനാലാണ് ബാബുരാജിന് ജാമ്യം നല്‍കിയതെന്ന് ജസ്റ്റിസ് സി എസ് ഡയസിന്റെ വിധി പറയുന്നു. നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ സുപ്രിംകോടതി വിധി ഉദ്ധരിച്ചാണ് ഈ വിധി. പത്ത് ദിവസത്തിന് മുമ്പില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ബാബുരാജ് ഹാജരാവണം. പരാതിയില്‍ തെളിവുണ്ടെന്ന് പോലിസിന് തോന്നുകയാണെങ്കില്‍ അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിടണം.
'അമ്മ' ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ബാബുരാജിന്റെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരി കൂടിയായ ജൂനിയര്‍ ആര്‍ടിസ്റ്റ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2018 ജനുവരി 1 മുതല്‍ 2019 ഡിസംബര്‍ 31 വരെ പല സമയങ്ങളിലായി ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. അടിമാലി പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ ബാബുരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതി കെട്ടിച്ചമച്ചതാണ് എന്നാണ് ബാബുരാജ് വാദിച്ചത്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ സാഹചര്യം മുതലെടുക്കുകയാണെന്നുമായിരുന്നു ബാബുരാജ് വാദിച്ചത്. മാത്രമല്ല, 2023 വരെ പരാതിക്കാരിയുമായുള്ള സംഭാഷണങ്ങളും കോടതിയില്‍ ഹാജരാക്കി.