പോത്തൻകോട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മാറ്റമില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

രാവിലെയാണ് പോത്തന്‍കോടും സമീപ പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെന്ന് കലക്‌ടർ ഉത്തരവിറക്കിയത്

Update: 2020-04-02 07:00 GMT

തിരുവനന്തപുരം: കൊവിഡ് ബാധിതൻ മരിച്ചതിനെ തുടർന്ന് പോത്തൻകോട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മാറ്റമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. റേഷന്‍ കടകള്‍ അടക്കം തുറക്കരുതെന്ന് കലക്‌ടർ ഉത്തരവിറക്കിയിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചതോടെയാണ് ആശയക്കുഴപ്പം ഉണ്ടായത്. നിയന്ത്രണങ്ങള്‍ പഴയത് പോലെ തുടരും.

എന്നാല്‍ റേഷന്‍ കടകള്‍ രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. അതേസമയം, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണി വരെ മാത്രമെ പ്രവര്‍ത്തിക്കൂ എന്നും മന്ത്രി പറഞ്ഞു. പോത്തന്‍കോട് സമൂഹ വ്യാപനത്തിന്‍റേതായ ഒരു സൂചനയും ഇല്ലെന്നും മന്ത്രി പറഞ്ഞു.

മരിച്ച അബ്‌ദുൽ അസീസുമായി ബന്ധപ്പെട്ട എല്ലാവരുടെയും സ്രവ സാമ്പിളുകള്‍ പരിശോധിക്കാനുള്ള നടപടികള്‍ തുടങ്ങി. പച്ചപ്പള്ളി എല്‍പി സ്‌കൂള്‍ കേന്ദ്രീകരിച്ച് സ്രവ സാമ്പിളുകള്‍ പരിശോധിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സംശയം ഉള്ള 35 പേരുടെ സാമ്പിളുകള്‍ ഇന്നലെ മാത്രം ശേഖരിച്ചതായും മന്ത്രി അറിയിച്ചു. രാവിലെയാണ് പോത്തന്‍കോടും സമീപ പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെന്ന് കലക്‌ടർ ഉത്തരവിറക്കിയത്.

Tags:    

Similar News