പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയെന്ന് പോലിസില്‍ പരാതിയില്ല; ഉദുമ എംഎല്‍എയെ ന്യായീകരിച്ച് മുഖ്യമന്ത്രി
പ്രിസൈഡിങ് ഓഫിസറായ ശ്രീകുമാറിനെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണപ്പെടുത്തിയതായി വന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഒരു പ്രാഥമിക അന്വേഷണം നടത്തുന്നതിന് കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉദുമ എംഎല്‍എ കുഞ്ഞുരാമന്‍ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ കുഞ്ഞിരാമന്‍ അത്തരത്തില്‍ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കള്ളവോട്ട് നടന്നൂവെന്ന ആരോപണം മറ്റെന്തോ ലക്ഷ്യംവച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിസൈഡിങ് ഓഫിസറെ എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഒരു പരാതിയും പോലിസ് സ്റ്റേഷനില്‍ ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍, ആലക്കോട് പഞ്ചായത്തിലെ 12ാം വാര്‍ഡിലെ ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറായ ശ്രീകുമാറിനെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണപ്പെടുത്തിയതായി വന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഒരു പ്രാഥമിക അന്വേഷണം നടത്തുന്നതിന് കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.
പത്രവാര്‍ത്തയെ അടിസ്ഥാനമാക്കിയാണതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഉദുമ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവവശ്യംപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍, ഇത് സബ്മിഷനായി പരിഗണിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലിരിക്കുന്ന വിഷയമായതുകൊണ്ട് ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. പക്ഷേ, കഴിഞ്ഞ ഒമ്പതിനാണ് ഇക്കാര്യം ശ്രീകുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയതെന്ന് കെ സി ജോസഫ് പറഞ്ഞു. അതുകൊണ്ടുതന്നെ അടിയന്തരപ്രധാന്യമുള്ളതാണെന്ന ഉറച്ച നിലപാടും പ്രതിപക്ഷം സ്വീകരിച്ചു.
എന്നാല്‍, മറ്റ് കാര്യപരിപാടികളിലേക്ക് സ്പീക്കര്‍ പോയി. ഇതിനിടെ ഭരണപക്ഷത്തുള്ള എസ് ശര്‍മ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമെന്ന് ആക്ഷേപമുന്നയിക്കുകയും ചെയ്തു. അതിനിടയിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലേക്ക് ഇറങ്ങിവന്നത്. സഭ അല്‍പനേരം തടസ്സപ്പെട്ടു. ഇതെത്തുടര്‍ന്ന്, സ്പ്ക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പരിശീലനത്തിലും മാര്‍ഗനിര്‍ദേശങ്ങളിലും പ്രിസൈഡിങ് ഓഫിസര്‍, ഒന്നാം പോളിങ് ഓഫിസര്‍, രണ്ടാം പോളിങ് ഓഫിസര്‍ എന്നിവര്‍ക്ക് കൃത്യമായ ചുമതലകള്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെന്ന് സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു. ഈ ജോലി വിഭജനം എല്ലാവരും കൃത്യമായി പാലിച്ചാല്‍ മാത്രമേ വോട്ടെടുപ്പ് സുഗമമായി നടത്താന്‍ സാധിക്കൂ.
വോട്ടുചെയ്യാന്‍ എത്തുന്നവരെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് ഐഡന്റിഫൈ ചെയ്യുന്ന ചുമതല ഒന്നാം പോളിങ് ഓഫിസര്‍ക്കാണ്. ഇത് പ്രിസൈഡിങ് ഓഫിസറുടെ ചുമതലയില്‍പ്പെടുന്നില്ല. പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങുന്നതുള്‍പ്പെടെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ പ്രിസൈഡിങ് ഓഫിസര്‍ക്കുണ്ട്. ഇവിടെ പ്രിസൈഡിങ് ഓഫിസര്‍ ക്യൂവില്‍ നിന്ന ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. അവിടെ വോട്ട് ചെയ്യാനെത്തിയ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ കളക്ടറെ ഈ പരാതി അറിയിച്ചു. ഇതിനെതുടര്‍ന്ന് ജില്ലാ കലക്ടര്‍ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടുകയും പരിശീലനത്തില്‍ നല്‍കിയ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ടു.
അതിനുശേഷം തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പ്രിസൈഡിങ് ഓഫിസര്‍ ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പരസ്യപ്പെടുത്തുകയും ഇക്കാര്യം മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആവുകയും ചെയ്തു. പ്രിസൈഡിങ് ഓഫിസര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്തും നല്‍കിയിട്ടുണ്ട്. ഇതില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കലക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കലക്ടര്‍ പ്രിസൈഡിങ് ഓഫിസറുടെ ഭാഗം കേള്‍ക്കാനായി അദ്ദേഹത്തിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സംഭവത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടറുടെ റിപോര്‍ട്ട് തേടുകയും പരിഗണിച്ചുവരികയുമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.