ജിഎസ്ടി നിരക്ക് വര്‍ധന റിപോര്‍ട്ട് ചെയ്തു; യുപിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ബിജെപി ഭീഷണി
ന്യൂഡല്‍ഹി: ജിഎസ്ടി നിരക്ക് വര്‍ധിപ്പിച്ചതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ഭീഷണി. പശ്ചിമ യുപി ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ ചല്‍ചിത്ര അഭിയാനില്‍ ജോലി ചെയ്യുന്ന രണ്ട് റിപ്പോര്‍ട്ടര്‍മാരാണ് ഭീഷണി നേരിട്ടതെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലെ കിഷന്‍പൂര്‍ ബറാല്‍ ഗ്രാമത്തിലാണ് സംഭവം. റിപ്പോര്‍ട്ടര്‍മാരായ ഷാക്കിബ് രംഗ്രെസ്, വിശാല്‍ സ്‌റ്റോണ്‍വാള്‍ എന്നിവരുടെ കാമറ ഉള്‍പ്പടെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും അവിടെയുള്ള പ്രാദേശിക കര്‍ഷകരോട് സംസാരിച്ചതിന് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ചല്‍ചിത്ര അഭിയാന്‍ സ്ഥാപകന്‍ നകുല്‍ സിംഗ് സാഹ്‌നി സംഭവത്തെ വിവരിച്ച് ട്വിറ്ററില്‍ കുറിച്ചു, 'ഇതാണ് ഇന്ത്യയിലെ പത്രസ്വാതന്ത്ര്യത്തിന്റെയും ഗ്രൗണ്ട് റിപ്പോര്‍ട്ടിംഗിന്റെയും അവസ്ഥ'. റിപോര്‍ട്ടര്‍മാരെ ആക്രമിച്ചയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നും അയാള്‍ അക്രമാസക്തനായെന്നും സാഹ്നി തന്റെ ട്വീറ്റില്‍ ആരോപിച്ചു.
സാഹ്‌നിയുടെ ട്വീറ്റിനോട് ഭഗ്പത് പോലിസ് പ്രതികരിച്ചിട്ടുണ്ട്. രാമല പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും നിയമനടപടി സ്വീകരിക്കുമെന്നും പോലിസ് ഉറപ്പ് നല്‍കി.
തന്റെ ഓര്‍ഗനൈസേഷനില്‍ പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടര്‍മാരെ ഇത്തരത്തില്‍ ടാര്‍ഗെറ്റുചെയ്യുന്നത് ഇതാദ്യമായല്ലെന്നും ഇത് തുടര്‍കഥയാവുന്നതിനാലാണ് ഇത്തവണ പ്രതികരിക്കാന്‍ താന്‍ തീരുമാനിച്ചെന്നും സാഹ്‌നി ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്‌ഫോമായ ന്യൂസ്‌ലൗണ്ട്രിയോട് പറഞ്ഞു.
ചല്‍ചിത്ര അഭിയാനില്‍ പ്രവര്‍ത്തിക്കുന്ന നിരവധി റിപ്പോര്‍ട്ടര്‍മാര്‍ ദുര്‍ബലരായ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാണ് എന്നത് അവരെ എളുപ്പമുള്ള ലക്ഷ്യങ്ങളാക്കിയെന്നും അദ്ദേഹം പറഞ്ഞു.
2013ലെ മുസാഫര്‍നഗറിലെ വര്‍ഗീയ കലാപങ്ങളില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് രംഗ്രെസ്, മുന്‍ ഇഷ്ടിക ചൂള തൊഴിലാളിയാണ്. ജിഎസ്ടി വര്‍ദ്ധനയുടെ ആഘാതങ്ങളെക്കുറിച്ച് രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ പ്രാദേശിക ഗ്രാമവാസികളോട് സംസാരിക്കുന്നതിനിടെയാണ് ഇയാള്‍ അവരെ ആക്രമിച്ച് ക്യാമറയും മൈക്രോഫോണും തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് രംഗ്രെസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
'ഇവിടം വിട്ടു പോകുന്നതാണ് നല്ലത് അല്ലെങ്കില്‍ മറ്റ് ആളുകളെ വിളിക്കുമെന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളെ ഭീഷണിപ്പെടുത്തി. പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ഞങ്ങളെ തടഞ്ഞു,' രംഗ്രെസിനെ ഉദ്ധരിച്ച് ന്യൂസ്‌ലൗണ്ട്രി പറഞ്ഞു.
റിപ്പോര്‍ട്ടര്‍മാര്‍ സര്‍ക്കാരിനെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യരുതെന്ന് പറഞ്ഞതായും സ്‌റ്റോണ്‍വാള്‍ പറഞ്ഞു. സംഭവത്തില്‍ ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളുടെ സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തി.
ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ മാധ്യമപ്രവര്‍ത്തകരെ അക്രമത്തിലൂടെയും ഭീഷണിയിലൂടെയും തങ്ങളുടെ ജോലി ചെയ്യുന്നതില്‍ നിന്ന് ആവര്‍ത്തിച്ച് തടസ്സപ്പെടുത്തുന്നുവെന്ന വസ്തുത സംഘടന പ്രസ്താവനയില്‍ എടുത്തുപറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് പത്രസ്വാതന്ത്ര്യം ദുര്‍ബലമാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.