രാജിയില്‍ വിട്ടുവീഴ്ചയില്ല; കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പി ജെ ജോസഫ്
പദവി രാജിവയ്ക്കില്ലെന്ന് കേരള കോണ്‍ഗ്രസ്-എം (ജോസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ഇന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ജോസഫിന്റെ പ്രതികരണം.
ഇടുക്കി: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം തയ്യാറാവാത്ത പശ്ചാത്തലത്തില്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് പി ജെ ജോസഫ് വിഭാഗം. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജോസ് വിഭാഗത്തിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് കേരള കോണ്‍ഗ്രസ്- എം (ജോസഫ്) നേതാവ് പി ജെ ജോസഫ്. അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിന് യുഡിഎഫ് അംഗീകാരം നല്‍കിയെന്നും കോണ്‍ഗ്രസും ലീഗും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പി ജെ ജോസഫ് വ്യക്തമാക്കി. ജോസ് വിഭാഗം ധാരണയനുസരിച്ച് രാജിവയ്ക്കണം.
ഇനി ഒരുനിമിഷം വൈകാന്‍ പാടില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. പദവി രാജിവയ്ക്കില്ലെന്ന് കേരള കോണ്‍ഗ്രസ്-എം (ജോസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ഇന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ജോസഫിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ പാര്‍ട്ടി എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗം രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും ജോസ് വിഭാഗത്തിന്റെ മറ്റ് ആവശ്യങ്ങള്‍ രാജിക്കുശേഷം പരിഗണിക്കാമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
ജോസ് വിഭാഗം രാജിവച്ചതിനുശേഷം മാത്രമേ ചര്‍ച്ചയുള്ളൂവെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്. കേരള കോണ്‍ഗ്രസ് പ്രശ്‌നങ്ങളില്‍ യുഡിഎഫിന്റെ തീരുമാനം ആദ്യം നടപ്പാക്കണം. ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് അറിയിച്ചതാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തിരുന്നു. നേതൃത്വത്തിന്റെ രാജി നിര്‍ദേശം തള്ളിയ ജോസ് വിഭാഗത്തെ മുന്നണിയില്‍നിന്ന് ഒഴിവാക്കണമെന്ന അഭിപ്രായമാണ് പി ജെ ജോസഫ് മുന്നോട്ടുവച്ചിരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ ജോസ്, ജോസഫ് ഭാഗങ്ങളുടെ സീറ്റടക്കം ധാരണയായിട്ട് രാജിവയ്ക്കാമെന്നതാണ് ജോസ് കെ മാണിയുടെ നിലപാട്. കോണ്‍ഗ്രസാവട്ടെ ഇത് അംഗീകരിക്കുന്നില്ല. സമ്മര്‍ദം ശക്തമാവുന്നതോടെ യുഡിഎഫിന്റെ തീരുമാനം അംഗീകരിക്കുകയെന്നതാണ് ജോസ് കെ മാണിക്ക് മുന്നിലുള്ള പോംവഴി.