വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കാമറകള്‍ക്കും മൊബൈലിനും പ്രവേശനമില്ല

വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒബ്സര്‍വര്‍മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ഥിക്കും അവരുടെ ഏജന്റുമാര്‍ക്കും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദമില്ല.

Update: 2019-05-21 08:39 GMT

തിരുവനന്തപുരം: വോട്ടെണ്ണല്‍ നടക്കുമ്പോള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൊബൈല്‍ ഫോണും കാമറകളും കൊണ്ടുപോകുന്നതിന് നിയന്ത്രണം. വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒബ്സര്‍വര്‍മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ഥിക്കും അവരുടെ ഏജന്റുമാര്‍ക്കും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദമില്ല.

മാധ്യമങ്ങളുടെ കാമറകള്‍ക്കും നിയന്ത്രണമുണ്ട്. പൊതുവായ ചിത്രം ചിത്രീകരിക്കുന്നതിന് മാത്രമേ അനുവാദമുള്ളൂ. വരണാധികാരി നിയോഗിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ചെറുസംഘങ്ങളായി മാത്രമേ മാധ്യമപ്രവര്‍ത്തകരെ കൗണ്ടിങ് കേന്ദ്രത്തില്‍ പ്രവേശിപ്പിക്കൂ. വരണാധികാരി അനുവദിക്കുന്ന നിശ്ചിത സമയത്ത്, നിശ്ചിത പ്രദേശത്തുനിന്നു മാത്രമേ കാമറയില്‍ ചിത്രീകരണം അനുവദിക്കൂ. നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്.

വോട്ടിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുന്നതോ, വോട്ടെണ്ണല്‍ തടസപ്പെടുത്തുന്നതോ, സമാധാനത്തിന് ഭംഗമുണ്ടാക്കുന്നതോ ആയ ചിത്രീകരണമോ പ്രവര്‍ത്തനങ്ങളോ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. ഏതുസാഹചര്യത്തിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് ചിത്രീകരിക്കാന്‍ പാടില്ല. പോസ്റ്റല്‍ ബാലറ്റിലെ വോട്ട് ദൃശ്യമാകുന്ന രീതിയില്‍ കാമറ സൂം ചെയ്യാനും പാടില്ല. വീഡിയോയ്ക്കൊപ്പം നല്‍കുന്ന ഓഡിയോയില്‍, ഇത് എവിടെനിന്ന് എപ്പോള്‍ ചിത്രീകരിക്കുന്നതെന്ന കാര്യം വ്യക്തമാക്കിയിരിക്കണം.

കാമറ കൈയില്‍തന്നെ കരുതണം. കാമറാ സ്റ്റാന്‍ഡ് വോട്ടെണ്ണല്‍ കേന്ദ്രത്തിന് ഉള്ളിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പാസുള്ളവര്‍ക്ക് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. വരണാധികാരി അനുവദിക്കുന്ന സമയപരിധി കഴിഞ്ഞാല്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങുകയും മീഡിയാ സെന്ററില്‍ കേന്ദ്രീകരിക്കുകയും വേണം. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് പ്രത്യേകം തയാറാക്കുന്ന പന്തലിലാണ് മീഡിയാ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വോട്ടെണ്ണലിന്റെ വിവരങ്ങള്‍ തത്സമയംതന്നെ മീഡിയാ സെന്ററില്‍ ലഭ്യമാക്കും. സുവിധ ആപ്ലിക്കേഷനില്‍ വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് അതേസമയത്തുതന്നെ മീഡിയാ സെന്ററിലെ സ്‌ക്രീനിലും ദൃശ്യമാവും.

Tags:    

Similar News