സംസ്ഥാനത്തെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍ക്യൂഎഎസ് അംഗീകാരം
കാസർകോഡ് ജില്ലയിലെ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക്കൂടി എന്‍ക്യൂഎഎസ് (National Quality Assurance Standards) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. കാസര്‍ കോഡ് ജില്ലയിലെ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം 99 ശതമാനം മാര്‍ക്ക് നേടി ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി മാറി.
കണ്ണൂര്‍ ജില്ലയിലെ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം, കാസര്‍ കോഡ് ജില്ലയിലെ വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രം എന്നിവ 97 ശതമാനം മാര്‍ക്കോടുകൂടി എന്‍ക്യൂഎഎസ് അക്രഡിറ്റേഷന്‍ കരസ്ഥമാക്കി. കാസര്‍ കോഡ് ജില്ലയിലെ കരിന്തളം കുടുംബാരോഗ്യ കേന്ദ്രം (96 ശതമാനം), കണ്ണൂര്‍ ജില്ലയിലെ തേര്‍ത്തലി കുടുംബാരോഗ്യ കേന്ദ്രം (95 ശതമാനം), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം (88 ശതമാനം), പാലക്കാട് ജില്ലയിലെ പെരുവമ്പ പ്രാഥമികാരോഗ്യ കേന്ദ്രം (81 ശതമാനം) എന്നിവയാണ് എന്‍ക്യൂഎഎസ് പുരസ്‌കാരം ലഭിച്ച മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍.
ആരോഗ്യ രംഗത്ത് ഈ സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി പറഞ്ഞു. ഈ വര്‍ഷം സംസ്ഥാനത്തെ 140 ആശുപത്രികളാണ് എന്‍ക്യൂഎഎസ് അംഗീകാരത്തിനായി ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒപി, ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ശുചിത്വം, സൗകര്യങ്ങള്‍, ഗുണമേന്മ, രോഗീ സൗഹൃദം എന്നിവ അടിസ്ഥാനമാക്കി 3,500 പോയിന്റുകള്‍ വിലയിരുത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്.
ഇതോടെ രാജ്യത്തെ ആദ്യ സ്ഥാനങ്ങളിലുള്ള അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തിന് സ്വന്തമായിരിക്കുകയാണ്. ഇതിനു മുമ്പ് വരെ 98 ശതമാനം മാര്‍ക്കോടുകൂടി വയനാട് ജില്ലയിലെ നൂല്‍പ്പൂഴ കുടുംബാരോഗ്യ കേന്ദ്രം ആയിരുന്നു ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രം. ഇതുവരെ കേരളത്തിലെ 23 ആശുപത്രികള്‍ക്ക് എന്‍ക്യൂഎഎസ് അംഗീകാരം ലഭിച്ചു. മൂന്ന് ആശുപത്രികള്‍ ദേശീയതല പരിശോധന കഴിഞ്ഞ് ഫലം കാത്തിരിക്കുന്നു. സംസ്ഥാനത്തെ 51 ആശുപത്രികള്‍ സംസ്ഥാനതല അംഗീകാര പരിശോധന കഴിഞ്ഞ് ദേശീയ തലത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്ക് ആശുപത്രി ഇതിനുമുമ്പ് 98 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിയായി എന്‍ക്യൂഎഎസ് അംഗീകാരം കരസ്ഥമാക്കിയിട്ടുണ്ട്. ഈ അംഗീകാരം ലഭിക്കുന്ന ഓരോ ആശുപത്രിക്കും ഇന്‍സന്റീവ് ലഭിക്കും.