ചെമ്പരിക്ക ഖാസിയുടെ മയ്യിത്ത് കരയ്‌ക്കെത്തിച്ച മല്‍സ്യത്തൊഴിലാളി വിടപറഞ്ഞു

മയ്യിത്ത് കരയ്‌ക്കെത്തിച്ചത് രാഘവന്റെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ സഹായത്തോടെ ആയിരുന്നു.

Update: 2020-05-04 07:56 GMT

കാസര്‍കോട്: ചെമ്പരിക്ക ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മംഗലാപുരം, കീഴൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായിരുന്ന സി എം അബ്ദുല്ല മുസ്‌ല്യാരുടെ മയ്യിത്ത് കടലില്‍നിന്നും കരയ്‌ക്കെത്തിച്ച മല്‍സ്യത്തൊഴിലാളി നിര്യാതനായി. കീഴൂര്‍ കടപ്പുറത്തെ കൃഷ്ണന്റെയും യശോദയുടെയും മകന്‍ കെ രാഘവന്‍ (55) ആണ് ഇന്ന് മരണപ്പെട്ടത്.

2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി എം അബ്ദുല്ല മുസ്‌ല്യാരുടെ മയ്യിത്ത് വീട്ടില്‍നിന്നു 900 മീറ്റര്‍ ദൂരെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. മയ്യിത്ത് കരയ്‌ക്കെത്തിച്ചത് രാഘവന്റെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ സഹായത്തോടെ ആയിരുന്നു. കടലില്‍ ഇറങ്ങാന്‍ ഒരു തോണിക്ക് വേണ്ടി ചെമ്പരിക്കയിലെയും കീഴൂരിലെയും മല്‍സ്യത്തൊഴിലാളികളെ ബന്ധപ്പെട്ടെങ്കിലും ഭയം കാരണം ആരും മുന്നോട്ടുവന്നില്ല. ഈ സഹചര്യത്തിലാണ് കടലില്‍ മല്‍സ്യബന്ധനം നടത്തുകയായിരുന്ന രാഘവനോട് ചെമ്പരിക്ക കടുക്കക്കല്ലിന്റെ മുകളില്‍ നിന്ന് അവിടെ കൂടിയ നാട്ടുകാര്‍ ആര്‍ത്തുവിളിച്ച് മയ്യിത്ത് കരയ്‌ക്കെത്തിക്കാന്‍ അഭ്യര്‍ത്ഥന നടത്തിയത്.

അന്ന് ധൈര്യപൂര്‍വം രാഘവന്‍ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കരയ്‌ക്കെത്തിച്ച ശേഷമാണ് മയ്യിത്ത് ചെമ്പരിക്ക ഖാസിയുടേതാണെന്ന് തിരിച്ചറിയുന്നത്. ഇപ്പോള്‍ സിബിഐ അന്വേഷണം വരെ എത്തിനില്‍ക്കുന്ന ദുരൂഹമരണം സംബന്ധിച്ച് മാറിമാറി വരുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ രാഘവന്‍ പലവട്ടം മൊഴിനല്‍കിയിട്ടുണ്ട്. ഖാസിയുടെ ഘാതകരെ പിടികൂടാന്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തികൂടിയായിരുന്നു അദ്ദേഹം.

ഭാര്യ: ജലജ. മക്കള്‍: അഖില്‍, അഭിജിത്ത്. സഹോദരങ്ങള്‍: രാജന്‍, രതീഷന്‍, കമലാക്ഷി, നാരായണി, രാജീവ്, ശ്രീജ. 

Tags:    

Similar News