ചെമ്പരിക്ക ഖാസി വധം: സിബിഐ പുനരന്വേഷണം നടത്തും

സിബിഐയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍, മരണം ആത്മഹത്യയാണ് എന്നതിന് തെളിവില്ലെങ്കിലും വിദഗ്ധാഭിപ്രയം അനുസരിച്ച് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മരണം ആത്മഹത്യയാണെന്ന് പ്രസ്താവിച്ചു.

Update: 2019-12-05 10:10 GMT

ന്യൂ ഡല്‍ഹി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മുസ്‌ല്യാരുടെ ദൂരൂഹ മരണത്തെ പറ്റി സിബിഐ പുനരന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ കാസറഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന് ഉറപ്പു നല്‍കി. കേരളത്തിലെ 19 എംപി മാരുടെ ഒപ്പ് സമാഹരിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഉറപ്പ് നല്‍കിയയത്. ആഭ്യന്തര വകുപ്പ് മന്ത്രിയെ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിനോടൊപ്പമാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ സന്ദര്‍ശിച്ചത്.

2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി എം അബ്ദുല്ല മുസ്‌ല്യാരുടെ മൃതദേഹം വീട്ടില്‍ നിന്നു മാറി 900 മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാടില്‍ പോലിസ് അന്വേഷണം അവസാനിപ്പിച്ചു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐയും പോലിസ് കണ്ടെത്തല്‍ ശരിവച്ചു.

സാത്വികനായ പണ്ഡിതന്‍, നിരവധി പ്രാമാണിക ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, സമസ്ത ഫത്‌വാ കമ്മിറ്റിയംഗം, ഒട്ടേറെ മത സാമൂഹിക സ്ഥാപനങ്ങളുടെ അമരക്കാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ നേതാവ് ആത്മഹത്യ ചെയ്തു എന്ന പോലിസ് ഭാഷ്യം പരിഹാസ്യമാണ്. കുടുംബാംഗങ്ങളും സമസ്ത കേരള ജംഇയത്തുല്‍ ഉലമയും ഈ പോലിസ് ഭാഷ്യം തള്ളി നിഷ്പക്ഷമായ ഒരു അന്വേഷണത്തിനായി സമരപാതയിലാണ്.

ആദ്യം അന്വേഷിച്ച ബേക്കല്‍ പോലിസും പിന്നീട് അന്വേഷിച്ച െ്രെകം ബ്രാഞ്ചും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു. മുസ്‌ലിയാര്‍, കിഴൂര്‍ കടപ്പുറത്തെ പാറയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് സിബിഐ എത്തിച്ചേര്‍ന്നത്. ഇതിനെ എറണാകുളം സിജെഎം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.

സിബിഐയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍, മരണം ആത്മഹത്യയാണ് എന്നതിന് തെളിവില്ലെങ്കിലും വിദഗ്ധാഭിപ്രയം അനുസരിച്ച് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മരണം ആത്മഹത്യയാണെന്ന് പ്രസ്താവിച്ചു. ഈ റിപ്പോര്‍ട്ട് സ്ഥിതീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് പത്തു വര്‍ഷമായി ചെമ്പരിക്ക നിവാസികള്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തി വരുകയായിരുന്നു.

Tags:    

Similar News