സിബി ഐ കുറ്റപത്രം സമര്‍പ്പിച്ചില്ല; താനൂര്‍ കസ്റ്റഡി കൊലക്കേസില്‍ നാല് പോലിസകാര്‍ക്ക് ജാമ്യം
കൊച്ചി: താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡികൊലക്കേസില്‍ പ്രതികളായ നാല് പോലിസ് ഉദ്യോഗസ്ഥര്‍ക്കും ജാമ്യം. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവര്‍ക്കാണ് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനുള്ളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. മെയ് നാലിന് പുലര്‍ച്ചെ സിബിഐ സംഘം പ്രതികളെ വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയാണ് സിബിഐ നാല് പ്രതികളെയും കസ്റ്റഡിയില്‍ എടുത്തത്. എട്ട് വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.
2023 ആഗസ്ത് ഒന്നിനാണ് പോലിസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ലഹരി വില്‍പ്പനക്കാരനെന്നു പറഞ്ഞ് കസ്റ്റഡിയിലെടുത്ത യുവാവ് ക്രൂരമര്‍ദനമേറ്റാണ് മരണപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആദ്യഘട്ടത്തില്‍ സ്വാഭാവിക മരണമായി മാറ്റാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം കനത്തതോടെയാണ് പോലിസുകാരെ പ്രതിചേര്‍ത്തത്. മലപ്പുറം എസ്പിക്കു കീഴിലുള്‌ല ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമാണ് മരണകാരണമെന്നായിരുന്നു കണ്ടെത്തല്‍.
താമിര്‍ ജിഫ്രി ഉള്‍പ്പടെയുള്ള യുവാക്കളെ ചേളാരിയിലെ വാടകമുറിയില്‍ നിന്നാണ് ഡാന്‍സാഫ് സംഘം കസ്റ്റഡിയില്‍ എടുത്തത്. ക്രൈം ബ്രാഞ്ച് ഉള്‍പ്പെടെ കേസന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് പറഞ്ഞ് താമിര്‍ ജിഫ്രിയുടെ കുടുംബമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആഗസ്ത് ഒമ്പതിനാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു.