ഒമിക്രോണ്‍: കോംഗോയില്‍നിന്ന് കൊച്ചിയിലെത്തിയ രോഗിയുടെ സമ്പര്‍ക്ക പട്ടിക ഇന്ന് പൂര്‍ത്തിയാവും

Update: 2021-12-17 01:27 GMT

കൊച്ചി: കോംഗോയില്‍നിന്ന് കൊച്ചിയിലെത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടിക ഇന്ന് പൂര്‍ത്തിയാവും. ഏഴ് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ പോയ സ്ഥലങ്ങള്‍ കണ്ടെത്തിയ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇയാളുടെ സമ്പര്‍ക്ക പട്ടിക ഇന്ന് പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. എറണാകുളത്ത് ഇന്നലെയാണ് ഇയാള്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന റിപോര്‍ട്ട് പുറത്തുവന്നത് ആശ്വാസമായിട്ടുണ്ട്. ഏറ്റവും അടുത്ത സമ്പര്‍ക്കത്തിലുള്ളവവരുടെ ഫലമാണ് നെഗറ്റീവായതെന്ന് ഉന്നതതലയോഗത്തിനുശേഷം ആരോഗ്യമന്ത്രിയാണ് വ്യക്തമാക്കിയത്.

ഒരാള്‍ സഹോദരനും മറ്റേയാള്‍ എയര്‍പോര്‍ട്ടില്‍നിന്നും കൂട്ടിക്കൊണ്ടുപോയ ആളുമാണ്. ഏഴ് ദിവസം വരെ ഇവര്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു കോംഗോയില്‍നിന്നെത്തിയ ആള്‍ക്ക് അനുവദിച്ചത്. എന്നാല്‍, ഇദ്ദേഹം ആളുകള്‍ കൂടുന്ന ഷോപ്പിങ് മാളിലും റസ്‌റ്റോറന്റുകളിലും ഉള്‍പ്പെടെ പോയിരുന്നു.

അതിനാല്‍തന്നെ ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക താരതമ്യേന വലുതാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിവരികയാണെന്നും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഡിസംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ വഴി ആകെ 1,47,844 യാത്രക്കാരാണ് കേരളത്തില്‍ എത്തിച്ചേര്‍ന്നത്. അവരില്‍ 8,920 പേരെ വിമാനത്താവളങ്ങളില്‍തന്നെ പരിശോധിച്ചു.

അതില്‍ 15 പേരാണ് കൊവിഡ് പോസിറ്റീവായത്. അതില്‍ 13 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നും 2 പേര്‍ മറ്റ് രാജ്യങ്ങളില്‍നിന്നും വന്നവരാണ്. ഇവരുടെ എല്ലാവരുടെയും സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടുദിവസത്തെ ഊര്‍ജിത വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലാവും ഊര്‍ജിത വാക്‌സിനേഷന്‍ നടത്തുക.

Tags:    

Similar News