ഓണം: കൊവിഡ് പ്രതിരോധം ഉറപ്പാക്കണം; ക്വിക് റെസ്പോണ്‍സ് ടീമുകളുടെ പരിശോധന എല്ലാ കേന്ദ്രങ്ങളിലും
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രോഗവ്യാപനത്തിലേക്ക് നയിക്കുന്ന ഇത്തരം വീഴ്ചകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം
കോട്ടയം: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കൊവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജാഗ്രതപുലര്‍ത്തണമെന്ന് മന്ത്രി പി തിലോത്തമന്‍ നിര്‍ദേശിച്ചു. ജില്ലയിലെ കൊവിഡ് പ്രതിരോധക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും പൂര്‍ണമായും ഒഴിവാക്കണം. ഓണത്തിനു മുന്നോടിയായുള്ള ഷോപ്പിങ്ങില്‍ തിക്കും തിരക്കുമുണ്ടാവുന്നില്ലെന്ന് വ്യാപാരികള്‍ ഉറപ്പാക്കണം.
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രോഗവ്യാപനത്തിലേക്ക് നയിക്കുന്ന ഇത്തരം വീഴ്ചകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ കൊവിഡ് പ്രതിരോധനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് രൂപീകരിച്ച വില്ലേജ് തല ക്വിക് റെസ്പോണ്‍സ് ടീമുകളുടെ നിരീക്ഷണം എല്ലാ കേന്ദ്രങ്ങളിലുമുണ്ടാവും.
മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വഴിയോര കച്ചവടങ്ങള്‍, ഓണച്ചന്തകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം നടത്തുന്ന പരിശോധനയില്‍ പ്രതിരോധ നിര്‍ദേശങ്ങളുടെ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. എഡിഎം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.