ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് അടിസ്ഥാനസൗകര്യമൊരുക്കാതെ: മുല്ലപ്പള്ളി

സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, ടിവി തുടങ്ങിയ സൗകര്യങ്ങളില്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

Update: 2020-06-01 13:51 GMT

തിരുവനന്തപുരം: ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഓണ്‍ലൈന്‍ ക്ലാസ് ലഭിച്ചില്ലെന്നും ഇത് സര്‍ക്കാരിന്റെ കുറ്റകരമായ വീഴ്ചയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സൗകര്യങ്ങളില്ലെന്ന് കേരള സര്‍ക്കാര്‍ നടത്തിയ 'സമഗ്രശിക്ഷ കേരള' സര്‍വേയിലൂടെ വ്യക്തമാണ്. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, ടിവി തുടങ്ങിയ സൗകര്യങ്ങളില്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സാധാരണക്കാരായ രക്ഷകര്‍ത്താക്കളുടെ കുട്ടികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ക്കായി തുക ചെലവാക്കുന്നത് അധികസാമ്പത്തിക ബാധ്യതയായി കാണരുത്.

വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി എത്രതുക ചെലവാക്കുന്നതും മുതല്‍ക്കൂട്ടുതന്നെയാണ്. തീരദേശ, ആദിവാസി, മലയോരമേഖലകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠനം ലഭ്യമായില്ലെന്ന് പരക്കെ പരാതിയുണ്ട്. ഇത് കുട്ടികള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കിയ വിദ്യാഭ്യാസ അവകാശനിഷേധമാണ്. സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി ഇത്തരം സൗകര്യങ്ങളൊരുക്കിയ ശേഷം പഠനം ആരംഭിക്കുന്നതായിരുന്നു ഉചിതം. പാവങ്ങളുടെ പരിമിതികള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പതിവുപോല ഒരു പരാജയമാണ്. വിദ്യാഭ്യാസത്തിലൂടെ തുല്യതയെന്ന സങ്കല്‍പ്പമാണ് തകരുന്നത്.

കനത്തമഴമൂലം വൈദ്യുതബന്ധം തകരാറിലായി വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും ക്ലാസുകള്‍ നഷ്ടമായെന്നും ആക്ഷേപമുണ്ട്. ഇക്കൊല്ലം കനത്തമഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. വിക്ടേഴ്സ് ചാനലിന് എല്ലാ ഡിറ്റിഎച്ച് പല്‍റ്റ്ഫോമിലും ലഭ്യത ഉറപ്പുവരുത്തുന്നതിലും വിദ്യാഭ്യാസവകുപ്പ് അടിയന്തരനടപടി സ്വീകരിക്കണം. വിക്ടേഴ്സ് ചാനലിന്റെ സാധ്യതകളെ തിരിച്ചറിഞ്ഞതും സഹായിച്ചതും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണ്. വിദ്യാര്‍ഥികളുടെ പഠനം അപകടത്തിലാക്കുന്ന ഒരു നടപടിയുമുണ്ടാവരുതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News