പ്രേമചന്ദ്രനെ സംഘിയാക്കാനുള്ള ശ്രമം വിലപ്പോവില്ല: ഉമ്മന്‍ചാണ്ടി

വര്‍ഗീയ ശക്തികള്‍ക്കെതിരേ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തീപാറുന്ന പോരാട്ടം നടത്തിയാണ് പ്രേമചന്ദ്രന്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നത്. അത്തരമൊരു വ്യക്തിത്വത്തെ സംഘിയാക്കാനുള്ള സിപിഎം ശ്രമം കൊല്ലത്തും കേരളത്തിലും വിലപ്പോകില്ല. ആ വെള്ളം അങ്ങു വാങ്ങിവച്ചാല്‍ മതിയെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു.

Update: 2019-01-22 13:44 GMT

തിരുവനന്തപുരം: എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ ഒറ്റപ്പെടുത്തി സംഘവല്‍കരിച്ച് വേട്ടയാടാനുള്ള സിപിഎമ്മിന്റെ ശ്രമത്തെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗത്തെ തോല്‍പിച്ച് പാര്‍ലമെന്റിലെത്തിയ പ്രേമചന്ദ്രന്‍ സംഘപരിവാറിനെതിരേ പാര്‍ലമെന്റിലും പുറത്തും നടത്തിയ പോരാട്ടം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടതാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരേ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തീപാറുന്ന പോരാട്ടം നടത്തിയാണ് പ്രേമചന്ദ്രന്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നത്. അത്തരമൊരു വ്യക്തിത്വത്തെ സംഘിയാക്കാനുള്ള സിപിഎം ശ്രമം കൊല്ലത്തും കേരളത്തിലും വിലപ്പോകില്ല. ആ വെള്ളം അങ്ങു വാങ്ങിവച്ചാല്‍ മതിയെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൊല്ലം ബൈപാസിനു വേണ്ടിയുള്ള മൂന്നു ദശാബ്ദത്തിലധികം നീണ്ട കാത്തിരിപ്പാണ് പ്രേമചന്ദ്രന്റെ ഇടപെടല്‍ മൂലം സഫലമായത്. ജനങ്ങള്‍ക്ക് ഇതു ബോധ്യപ്പെട്ടതോടെ സിപിഎമ്മിനു വെറളി പിടിച്ചിരിക്കുന്നു. അതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണ് വിഷയമെങ്കില്‍ കൊച്ചി മെട്രോ മൂന്നുതവണ മാറ്റിവയ്പ്പിച്ച് ആറുമാസം കാലവിളംബം വരുത്തി പ്രധാനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച മുഖ്യമന്ത്രി പിണറായി വിജയനും കുറ്റക്കാരനാണ്. മെട്രോയുടെ ഉദ്ഘാടനത്തിനു മോദിയുടേതല്ലാതെ മറ്റൊരു പേരും ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് മുഖ്യമന്ത്രി അന്ന് അവിടെ പ്രസംഗിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഡോ.മന്‍മോഹന്‍ സിങ് അനുമതിയും ഫണ്ടും നല്‍കിയ പദ്ധതിയില്‍ മോദിക്ക് ഒരു പങ്കുമില്ലെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ പാര്‍ലെന്റിലേക്ക് കേരളം സംഭാവന ചെയ്ത ഒരു മികച്ച എംപി എന്ന നിലയില്‍ പ്രേമചന്ദ്രന്‍ ശ്രദ്ധേയനാണ്. മുത്തലാഖ് ബില്ലില്‍ അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം രാജ്യവ്യാപകമായി ശ്രദ്ധിച്ചു. പൊതുസമൂഹത്തിലും മുസ്്‌ലീം സമുദായത്തിലുമൊക്കെ പരക്കെ സ്വീകാര്യമായി. അതുകൊണ്ടാണ് പ്രേമചന്ദ്രനെ സംഘിയാക്കാന്‍ സിപിഎം വ്യാജപ്രചാരണം നടത്തുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രനെതിരേ മോശം പദാവലി പ്രയോഗിച്ചപ്പോള്‍ അതിനു കൊല്ലത്തുകാര്‍ നല്‍കിയ ചുട്ടമറുപടി സിപിഎം ഓര്‍ക്കുന്നതു നന്നായിരിക്കുമെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു.


Tags:    

Similar News