ക്രിസ്മസ്, പുതുവത്സര വിപണി: വ്യാജൻമാരെ പുറത്താക്കാൻ 'ഓപ്പറേഷന്‍ രുചി'
പദ്ധതിയുടെ ഭാഗമായി നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ബേക്കറികള്‍, പുതുവത്സര ബസാറുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ജ്യൂസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിൽ പരിശോധന നടത്തും.
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര വിപണികളിൽ നിന്ന് വ്യാജൻമാരെ പുറത്താക്കാൻ പുത്തൻ പദ്ധതിയുമായി ആരോഗ്യവകുപ്പ്. കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് 'ഓപ്പറേഷന്‍ രുചി' എന്ന പേരിൽ ഒരു പദ്ധതി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്.
ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഓപ്പറേഷന്‍ രുചി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ബേക്കറികള്‍, പുതുവത്സര ബസാറുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ജ്യൂസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിൽ പരിശോധന നടത്തും. ഇതിനായി 43 ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകളും ഉണ്ടാകും.
ഇത്തരം പരിശോധനകളിലൂടെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മധുരപലഹാരങ്ങളില്‍ ചേര്‍ക്കുന്നതും അനുവദനീയമായതും അല്ലാത്തതുമായ രാസവസ്തുക്കള്‍, രുചിവര്‍ദ്ധക വസ്തുക്കള്‍, കൃത്രിമ കളറുകള്‍, പ്രിസര്‍വേറ്റീവുകള്‍ തുടങ്ങി എല്ലാവിധ രാസവസ്തുക്കളും ക്രമാതീതമായി ചേര്‍ക്കുന്നുണ്ടെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ രുചി നടപ്പാക്കുന്നത്.