ശബരിമല വിമാനത്താവളം:  കൺസൾട്ടൻസിയെ തീരുമാനിച്ചതിലും അഴിമതിയെന്ന് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹക്കുറ്റത്തിന് പ്രതിസ്ഥാനത്ത് ആകുന്നത് ആദ്യമാണ്. സംസ്ഥാനത്ത് കൂടുതൽ അഴിമതി ഐടി വകുപ്പിലാണ്. അഴിമതിയുടെ കൂടാരമായി സർക്കാർ മാറിയെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-07-28 06:45 GMT

തിരുവനന്തപുരം: സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും അഴിമതിയിലും കൊള്ളയിലും മുങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പുകളില്‍ വ്യാപക അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഭ്യന്തരവകുപ്പ് ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ലെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹക്കുറ്റത്തിന് പ്രതിസ്ഥാനത്ത് ആകുന്നത് ആദ്യമാണ്. സംസ്ഥാനത്ത് കൂടുതൽ അഴിമതി ഐടി വകുപ്പിലാണ്. അഴിമതിയുടെ കൂടാരമായി സർക്കാർ മാറിയെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശരിയായി. മാർക്ക് ദാനമൊഴിച്ച് ബാക്കിയെല്ലാം മുഖ്യമന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു. ഐടി വകുപ്പിലെ നിയമനങ്ങളും അഴിമതിയും അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യവും സർക്കാർ തള്ളി. കരാർ നിയമനങ്ങൾ നടപ്പാക്കാൻ പി.എസ്.സി റാങ്ക് ലിസ്റ്റുകൾ തട്ടി കളയുകയാണ്. കൺസട്ടൻസി രാജാണ് കേരളത്തിൽ നടപ്പാക്കുന്നത്. റോഡ് പണിക്കുപോലും കൺസട്ടൻസികളെ നിയമിക്കുകയാണ്. സർക്കാരിൻറെ മുഖമുദ്ര അഴിമതിയാണ് എന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിമാനത്താവളത്തിന്  കൺസൾട്ടൻസി നൽകിയതില്‍ അഴിമതിയുണ്ട്. സ്ഥലം തീരുമാനിക്കുന്നതിന് മുമ്പുതന്നെ ന്യൂജഴ്സി ആസ്ഥനമായ വിവാദമായ ലൂയിസ് ബർഗറിന് കൺസൾട്ടൻസി നൽകി. 4.6 കോടി രൂപ നിശ്ചയിച്ചു. ലൂയിസ് ബര്‍ഗര്‍ കമ്പനിക്ക് ചെറുവള്ളി എസ്റ്റേറ്റില്‍ കയറാന്‍ പറ്റിയില്ല. സ്ഥലം തീരുമാനിക്കാതെ എങ്ങനെ കൺസൾട്ടൻസിയെ തീരുമാനിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ലൂയിസ് ബർഗർ അഴിമതി കേസുകളിൽപ്പെട്ടിട്ടുള്ള കമ്പനിയാണ്. ഇന്ത്യയിൽ തന്നെ സിബിഐ അന്വേഷണം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഭ്യന്തര വകുപ്പ് ഭരിക്കാൻ മുഖ്യമന്ത്രിക്ക് കഴിവില്ലെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ്  ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് എൻഐഎ അന്വേഷിക്കട്ടെ. എന്നാൽ ആ അന്വേഷണ പരിധിയിൽ വരാത്ത കാര്യങ്ങൾ സിബിഐ അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുകയാണ്. കൂടുതൽ ഉദ്യോഗസ്ഥർ ഇനിയും കുടുങ്ങും. ഓഫീസ് സംശയത്തിൻ്റെ നിഴലിൽ ആയതിനാൽ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും പ്രതിപക്ഷനേതാവ്  ആവശ്യപ്പെട്ടു.

Tags:    

Similar News