ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍
നെടുമ്പാശേരി ചെറിയ വാപ്പാലശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളി ശ്രീധറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഒഡീഷ സ്വദേശികളായ ചഗല സുമല്‍ (26), ആഷിഷ് ബഹുയി (26) എന്നിവരെ അറസ്റ്റു ചെയ്തത്
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ഒഡീഷ സ്വദേശികളെ പോലിസ് അറസ്റ്റു ചെയ്തു.നെടുമ്പാശേരി ചെറിയ വാപ്പാലശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളി ശ്രീധറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഒഡീഷ സ്വദേശികളായ ചഗല സുമല്‍ (26), ആഷിഷ് ബഹുയി (26) എന്നിവരെ അറസ്റ്റു ചെയ്തത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
പ്രതികള്‍ ശ്രീധറിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊതിഞ്ഞ് റയില്‍വേ ട്രാക്കില്‍ കൊണ്ടുവന്നിടുകയായിരുന്നു. കൊല ചെയ്യപ്പെട്ട ശ്രീധറിന്റെ സുഹൃത്തുക്കളാണ് പ്രതികള്‍. ഇവര്‍ ഒരുമിച്ചാണ് താമസം. വാപ്പാലശേരിയിലെ ഒരു കാര്‍ട്ടണ്‍ കമ്പനിയാലാണ് മൂന്നു പേരും ജോലി ചെയ്തിരുന്നത്. ജോലിക്കിടയില്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. മറ്റു തൊഴിലാളികള്‍ ഇടപെട്ടാണ് അത് തീര്‍ത്തത്. രാത്രി മദ്യപിച്ച ശേഷം വീണ്ടും ബഹളം ഉണ്ടാവുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം ട്രാക്കില്‍ കൊണ്ടു പോയി ഇടുകയുമായിരുന്നു.
തീവണ്ടി കയറിയിറങ്ങിയ മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കാണപ്പെട്ടത്. രാത്രി പന്ത്രണ്ടു മണിയോടെ ശ്രീധര്‍ ഫോണ്‍ ചെയ്ത് പുറത്തേക്ക് പോകുന്നതു കണ്ടെന്നും പിന്നീട് തിരികെ വന്നില്ലെന്നുമാണ് പ്രതികള്‍ ആദ്യം പോലിസിനോടു പറഞ്ഞത്. തുടര്‍ന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം തെളിയുകയായിരുന്നു. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ശ്രീധര്‍ തന്നെയാണ് നാട്ടില്‍ നിന്നും ഇവര്‍ രണ്ടു പേരെ ജോലിക്ക് കൊണ്ടുവന്നത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം തന്നേ പ്രതികലെ പോലിസിന് പിടിക്കാനായി. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി എം ആര്‍ മധു ബാബു, എസ്‌ഐമാരായ വന്ദന കൃഷ്ണ, എ കെ ബഷീര്‍, എഎസ്‌ഐ വി എസ് പ്രമോദ്, സിപിഒ മാരായ കെ കെ രാജേഷ്, എന്‍ ജി ജിസ് മോന്‍ , ദിലീപ് കുമാര്‍, എം ആര്‍ മിഥുന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.