ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിക്കെതിരെ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു

സിമന്റ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ അസം സ്വദേശി രാജാദാസ് (28) ആണ് കൊല്ലപ്പെട്ടത്. കൊല പാതകം നടത്തിയ പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ദീപന്‍ കുമാര്‍ ദാസ് (28) ന് എതിരെയാണ് പുത്തന്‍കുരിശ് പോലിസ് കോലഞ്ചേരി ജെഎഫ്‌സിഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്

Update: 2021-10-04 10:45 GMT

കൊച്ചി: ഐക്കരനാട് പൂതൃക്കയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രതിക്കെതിരെ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു.പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ദീപന്‍ കുമാര്‍ ദാസ് (28) ന് എതിരെയാണ് പുത്തന്‍കുരിശ് പോലിസ് കോലഞ്ചേരി ജെഎഫ്‌സിഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2021 ജൂലൈയിലാണ് സംഭവം നടന്നത്. സിമന്റ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ അസം സ്വദേശി രാജാദാസ് (28) ആണ് കൊല്ലപ്പെട്ടത്. പണിക്ക് ഉപയോഗിക്കുന്ന കൈകോട്ട് ഉപയോഗിച്ച് ദീപന്‍ കുമാര്‍ ദാസ് രാജാദാസിന്റെ തലയടിച്ച് പിളര്‍ത്തിയാണ് കൊല ചെയ്തത്.

പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കൊലയ്ക്ക് ശേഷം ഇയാള്‍ രക്ഷപെട്ടു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപികരിച്ച് അന്വഷണം വ്യാപിപ്പിക്കുകയും പിറ്റേന്ന് പ്രതിയെ ചെന്നൈ കോയമ്പാട്ട് നിന്ന് പിടികൂടുകയും ചെയ്തു. പ്രതി ഇപ്പോഴും ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. ശാസ്ത്രിയ അന്വേഷണം പൂര്‍ത്തിയാക്കി, തെളിവുകളുടേയും, സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇന്‍സ്‌പെക്ടര്‍മാരായ മഞ്ജു ദാസ്, ടി ദിലീഷ്, എസ് ഐ എസ് ആര്‍ സനീഷ്, എ എസ് ഐ സുരേഷ് കുമാര്‍, എസ് സി പി ഒ ബി ചന്ദ്രബോസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News