ഹര്‍ത്താല്‍ ദിനത്തില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറന്നില്ല; നഷ്ടം ജീവനക്കാരില്‍നിന്ന് നികത്താനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞു

ഹര്‍ത്താല്‍ ദിനം തുറക്കാത്ത 38 ഔട്ട് ലെറ്റുകളിലെ ജീവനക്കാരില്‍നിന്ന് നഷ്ടം ഈടാക്കാനുള്ള തീരുമാനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.കോട്ടയം ജില്ലയിലെ എട്ട് ചില്ലറ വില്‍പനശാലകളിലെ ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്

Update: 2020-10-21 14:34 GMT

കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ ഔട്ട്ലെറ്റുകള്‍ തുറക്കാത്തതിന്റെ നഷ്ടം ജീവനക്കാരില്‍നിന്ന് നികത്താനുള്ള ബിവറേജസ് കോര്‍പറേഷന്റെ തീരുമാനം ഹൈക്കോടതി തടഞ്ഞു. ഹര്‍ത്താല്‍ ദിനം തുറക്കാത്ത 38 ഔട്ട് ലെറ്റുകളിലെ ജീവനക്കാരില്‍നിന്ന് നഷ്ടം ഈടാക്കാനുള്ള തീരുമാനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.കോട്ടയം ജില്ലയിലെ എട്ട് ചില്ലറ വില്‍പനശാലകളിലെ ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 2018 ഒക്ടോബര്‍ 18ന് ശബരിമല വിഷയത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തെ 38 ഓളം വില്‍പനശാലകള്‍ തുറന്നില്ല. ഇതേത്തുടര്‍ന്ന് ഈ ദിവസത്തെ നഷ്ടം ജീവനക്കാരില്‍നിന്ന് ഈടാക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ ശ്രമിച്ചു. ഇതിനെതിരെയാണ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

അനിഷ്ട സംഭവങ്ങളുണ്ടായ പ്രദേശങ്ങളിലെ ഔട്ട്ലെറ്റുകളാണ് അന്നേ ദിവസം അടഞ്ഞുകിടന്നത്. ആദ്യം 24 മണിക്കൂറും പിന്നീട് 6 മണിക്കൂറുമായി ചുരുക്കിയ ഹര്‍ത്താലിലാണ് ഔട്ട്‌ലെറ്റുകള്‍ വൈകിട്ട് തുറക്കാനാകാതിരുന്നത്. എറണാകുളം ജില്ലയില്‍ ആറിടത്തും, കോട്ടയം 13, പാലക്കാട് ഒമ്പത്, തൃശൂര്‍ എട്ട് ഔട്ട്ലെറ്റുകളാണ് തുറക്കാതിരുന്നത്.പോലീസിന്റെ നിര്‍ദേശപ്രകാരവും പ്രാദേശിക എതിര്‍പ്പും കണക്കിലെടുത്താണ് ഇങ്ങനെ ചെയ്തതെന്ന് ജീവനക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ വന്‍ വരുമാനനഷ്ടം ഉണ്ടായെന്നും വൈകിട്ട് ആറു മുതല്‍ ഒന്‍പതുവരെ വില്‍ക്കാന്‍ സാധ്യതയുള്ള മദ്യ കുപ്പികളുടെ തുക നല്‍കണമെന്നും ചൂണ്ടിക്കാട്ടി ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ ഈ ഔട്ട്ലെറ്റുകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ അയയ്ക്കുകയായിരുന്നു.

Tags:    

Similar News