തദ്ദേശീയ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റ് നിര്‍മാണം:ഓക്‌സിജന്‍ ഉല്‍പാദനത്തിന് സാങ്കേതികസഹായം നല്‍കുമെന്ന് ഡോ. എസ് ഇളങ്കോവന്‍
ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാറില്‍ വി എസ് എസ് സി സ്വാസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എസ് ഇളങ്കോവന്‍, സി എസ്‌ഐആര്‍ ഡയറക്ടര്‍ പ്രഫ.ഡോ ഹരീഷ് ഹിറാനി, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് സീനിയര്‍ ഡിജിഎം കെ രവീന്ദ്രനാഥ് പങ്കെടുത്തു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അപ്പലേറ്റ് അതോറിറ്റി ജനറല്‍ മാനേജര്‍ ഡോ.എസ് ആര്‍ ദിലീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി
കൊച്ചി: തദ്ദേശീയ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റ് നിര്‍മാണത്തെ കുറിച്ചും മെഡിക്കല്‍ ആവശ്യത്തിനായുള്ള ഓക്‌സിജന്‍ എന്റിച്ച്‌മെന്റ് സാങ്കേതിക വിദ്യയെ സംബന്ധിച്ചും ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ വെബിനാര്‍ സംഘടിപ്പിച്ചു. വി എസ് എസ് സി സ്വാസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എസ് ഇളങ്കോവന്‍, സി എസ്‌ഐആര്‍ ഡയറക്ടര്‍ പ്രഫ.ഡോ ഹരീഷ് ഹിറാനി, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് സീനിയര്‍ ഡിജിഎം കെ രവീന്ദ്രനാഥ് പങ്കെടുത്തു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അപ്പലേറ്റ് അതോറിറ്റി ജനറല്‍ മാനേജര്‍ ഡോ.എസ് ആര്‍ ദിലീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ഓക്‌സിജന്‍ ലഭ്യതയ്ക്ക് കൃത്യമായ രൂപരേഖയുണ്ടാക്കാതെ കൊവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഡോ.എസ്. ഇളങ്കോവന്‍ പറഞ്ഞു.
കേരളത്തില്‍ കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ ഓക്‌സിജന്‍ നിര്‍മ്മാണ യൂനിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിദിനം 140 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ആയിരുന്നു ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത് 180 മെട്രിക് ടണ്ണായി ഉയര്‍ത്തി. ഓക്‌സിജന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹകരണമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. മൂന്നു മുതല്‍ ആറ് മാസത്തിനകം ഓക്‌സിജന്‍ ഉല്‍പാദനം ത്വരിതപ്പെടുത്തുമെന്ന് ഡോ. ദിലീപ്കുമാര്‍ പറഞ്ഞു. ഓക്സിജന്‍ കോണ്‍സെന്‍ട്രറ്ററുകളുടെ ലഭ്യത ഉറപ്പ് വരുത്തിയാല്‍ മാത്രമേ കൊവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ഓക്‌സിജനെ കുറിച്ച് രാജ്യത്തെ ഡോക്ടര്‍മാര്‍ക്കിടയില്‍ പോലും അവബോധം സൃഷ്ടിക്കപ്പെടേണ്ട കാലഘട്ടമാണിതെന്ന് വെബ്ബിനറില്‍ പങ്കെടുത്ത സാങ്കേതികവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. തദ്ദേശീയമായി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്നും വിദഗ്ധര്‍ പറഞ്ഞു. നിത്യ ജീവിതത്തില്‍ ഓക്‌സിജന് ഇത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് കൊവിഡ് വ്യാപനത്തോടെയാണ് പലര്‍ക്കും മനസിലായതെന്നു ഡോ.എസ് ആര്‍ ദിലീപ്കുമാര് പറഞ്ഞു. അവശ്യ വസ്തുവായി ഓക്‌സിജന്‍ പരിഗണിക്കപ്പെട്ടു തുടങ്ങിയെന്നും വീടുകളില്‍ പോലും ഓക്‌സിജന്‍ വാങ്ങി സൂക്ഷിക്കുന്ന സ്ഥിതിയിലേക്ക് മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓക്‌സിജന്‍ സാച്യുറേഷന്‍ ലെവല്‍ സംബന്ധിച്ചും ആവശ്യമായ ഓക്‌സിജന്‍ അളവ് സംബന്ധിച്ചും ഒട്ടേറെ മിഥ്യധാരണകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ആരും സ്വയം അളവ് നിശ്ചയിക്കാതെ വിദഗ്‌ധോപദേശം മാത്രം പിന്തുടരണമെന്നും ഡോ. ഹരീഷ് ഇറാനി പറഞ്ഞു. ഇക്കാര്യത്തില്‍ ഡബ്‌ള്യു എച്ച് ഒ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്ടണ്ടെന്നും അദ്ദേഹം പറഞ്ഞു.ഓക്സിജന്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സാങ്കേതിക സഹായവും ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള സൗകര്യങ്ങളും പരമാവധി ലഭ്യമാക്കുമെന്ന് കെ രവീന്ദ്രനാഥ് ഉറപ്പ് നല്‍കി.ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ - ചെയര്‍ ഡോ. എം ഐ സഹദുള്ള സ്വാഗതവും സ്റ്റേറ്റ് കൗണ്‍സില്‍ മേധാവി ഡോ. സാവിയോ മാത്യു നന്ദിയും പറഞ്ഞു. ഫിക്കി ഹെല്‍ത്ത് കമ്മിറ്റി കോ-ചെയര്‍ ബിബു പുന്നൂരാന്‍ മോഡറേറ്ററായിരുന്നു.