പി സി ജോര്‍ജിന്റെ സമുദായം വെട്ടിപ്പിടിച്ചതും മുസ്‌ലിം സമുദായം വെട്ടിനിരത്തപ്പെട്ടതും..

സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ ഏറ്റവും പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ഇപ്പോഴും കടങ്കഥയാണ്. മുസ്‌ലിംകളെന്ന കോരന്‍മാര്‍ക്കു ജനാധിപത്യത്തിന്റെ ശ്രീകോവിലുകളില്‍ കഞ്ഞി കുമ്പിളില്‍തന്നെ എന്നാണ് പരുപരുത്ത യാഥാര്‍ഥ്യങ്ങള്‍ വിളിച്ചോതുന്നത്.

Update: 2021-01-27 06:04 GMT

പി സി അബ്ദുല്ല

കോഴിക്കോട്: രാഷ്ട്രീയത്തിലും അധികാരത്തിലും മുസ്‌ലിം സമുദായം എല്ലാം വെട്ടിപ്പിടിച്ചപ്പോള്‍ ക്രിസ്ത്യാനികള്‍ എന്തുനേടി എന്നാണ് അടുത്തിടെ പുറത്തുവന്ന പി സി ജോര്‍ജിന്റെ വിദ്വേഷപ്രസംഗത്തിലെ പ്രധാന പരാമര്‍ശം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഞ്ചാം മന്ത്രി വിവാദം മുതല്‍ തുടങ്ങിയതാണ് വസ്തുതകളെ കീഴ്‌മേല്‍ മറിച്ചുകൊണ്ടുള്ള മുസ്‌ലിം സമുദായത്തിനെതിരായ ഇത്തരം കുപ്രചാരണങ്ങള്‍.

പി സി ജോര്‍ജിന്റെ സമുദായം രാഷ്ട്രീയനേതൃത്വങ്ങളിലും മുന്നണികളിലും മാറി മാറി വന്ന ലോക്‌സഭകളിലും രാജ്യസഭയിലും സംസ്ഥാന നിയമ സഭയിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലും ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടതിന്റെ പതിന്‍മടങ്ങ് നേട്ടങ്ങള്‍ കൈക്കലാക്കിയപ്പോള്‍ ആ ഇടങ്ങളിലെല്ലാം പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായം പാടെ പിന്തള്ളപ്പെട്ടതാണ് രാജ്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും.

മുസ്‌ലിം ലീഗിന്റെ നാലോ അഞ്ചോ മന്ത്രിമാരെയും അവരുടെ വകുപ്പുകളും സംസ്ഥാനത്തെ മൂന്നോ നാലോ മുസ്‌ലിം കലക്ടര്‍മാരെയും ചൂണ്ടി മോങ്ങാനിരിക്കുന്ന പി സി ജോര്‍ജും സീറോ മലബാര്‍ സഭയും സംഘപരിവാരവും അവര്‍ക്ക് കുഴലൂതുന്ന മാധ്യമങ്ങളും കണ്ണടച്ചാല്‍ മുസ്‌ലിം വിവേചനത്തിന്റെ പകല്‍ സത്യങ്ങള്‍ക്കുമേല്‍ ഇരുട്ടുപടരില്ല. നുണകളുടെ പുകമറയില്‍ മുസ്‌ലിം വിരുദ്ധതയുടെ വിത്ത് മുളപ്പിച്ച് വിദ്വേഷം കൊയ്യുന്ന പി സി ജോര്‍ജുമാരുടെ തന്ത്രം താല്‍ക്കാലികമായി വിജയിച്ചേക്കാമെങ്കിലും അത് അന്തിമമാവില്ല തന്നെ.

സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ ഏറ്റവും പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ഇപ്പോഴും കടങ്കഥയാണ്. മുസ്‌ലിംകളെന്ന കോരന്‍മാര്‍ക്കു ജനാധിപത്യത്തിന്റെ ശ്രീകോവിലുകളില്‍ കഞ്ഞി കുമ്പിളില്‍തന്നെ എന്നാണ് പരുപരുത്ത യാഥാര്‍ഥ്യങ്ങള്‍ വിളിച്ചോതുന്നത്.

ഇപ്പോഴത്തെ കണക്കുപ്രകാരം ജനസംഖ്യാനുപാതികമായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ 92 മുസ്‌ലിം അംഗങ്ങളുടെ പ്രാതിനിധ്യം വേണം. എന്നാല്‍, 1952 ലെ ഒന്നാം ലോക്‌സഭ മുതല്‍ 17ാം ലോക്‌സഭ വരെ (രണ്ട് ലോക്‌സഭകളിലൊഴികെ)അര്‍ഹമായതിന്റെ പകുതി പ്രാതിനിധ്യം പോലും മുസ്‌ലിം സമുദായത്തിനു ലഭിച്ചില്ല എന്നതാണു വാസ്തവം. 16ാം ലോക്‌സഭയിലാണ് മുസ്‌ലിം പ്രാതിനിധ്യത്തിന്റെ ഏറ്റവും ദയനീയ ചിത്രം. 17ാമത് ലോക്‌സഭയിലെ മുസ്‌ലിം പ്രാതിനിധ്യം 22ല്‍ നിന്നും 27 ആയി ഉയര്‍ന്നു.

കഴിഞ്ഞ രണ്ടുതവണ കേരളത്തില്‍ കോണ്‍ഗ്രസിന്റെഏക മുസ്‌ലിം സ്ഥാനാര്‍ഥി വിജയിച്ച വയനാട്ടില്‍ ടി സിദ്ദീഖിനെ മാറ്റി രാഹുല്‍ സ്ഥാനാര്‍ഥിയായതോടെ നഷ്ടം സമുദായത്തിനുതന്നെ.2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 63 ശതമാനം മുസ്‌ലിംകളും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 58 ശതമാനം മുസ്‌ലിംകളും കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണിക്ക് വോട്ടുചെയ്തുവെന്നാണ് കണക്ക്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെഇരുമുന്നണികളുംസ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുത്ത വിവേചനമാണു മുസ്‌ലിം സമുദായത്തോട് പുലര്‍ത്തിയത്. എല്‍ഡിഎഫും യുഡിഎഫുംസവര്‍ണഹിന്ദുക്കള്‍ക്ക് തന്നെയാണ് പ്രാമുഖ്യം നല്‍കിയത്. മൂന്ന് മുന്നണികളുടെയും 60 സ്ഥാനാര്‍ഥികളില്‍ 18 പേര്‍ നായര്‍ വിഭാഗത്തില്‍നിന്നായിരുന്നു. മൊത്തം പട്ടികയിലെ 30 ശതമാനം വരുമിത്. ജനസംഖ്യയില്‍ 12 ശതമാനം മാത്രമാണ് കേരളത്തില്‍ നായന്‍മാര്‍.

കേരളത്തില്‍ മുസ്‌ലിംസമുദായത്തെക്കാള്‍(27.5 %) എണ്ണത്തില്‍കുറവായ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് (18%) കോണ്‍ഗ്രസ് 16 ല്‍ നാല് സുരക്ഷിത സീറ്റ് തന്നെ നല്‍കി. മൂന്നുമുന്നണികളിലായി മൊത്തം 14 ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികള്‍ക്ക് അവസരം ലഭിച്ചപ്പോള്‍ ഇരുമുന്നണികളിലുമായി 7 മുസ്‌ലിംകള്‍ക്കാണ് സ്ഥാനാര്‍ഥിത്വം ലഭിച്ചത്.

അതിലാവട്ടെജയസാധ്യതയുള്ള സീറ്റുകള്‍രണ്ടെണ്ണം ലീഗിന്റേത് മാത്രമായിരുന്നു.ആലപ്പുഴയില്‍ എ എം ആരിഫിന്റേത് അപ്രതീക്ഷിത വിജയവും. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ഗാന്ധി എത്തിയതോടെമുസ്‌ലിംപ്രാതിനിധ്യം വീണ്ടും കുറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ നായര്‍, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണ് ഉയര്‍ന്ന പ്രാതിനിധ്യം നല്‍കിയത്.

വര്‍ഗീയ ഫാഷിസ്റ്റുകളില്‍നിന്നും ന്യൂനപക്ഷങ്ങളെ കാത്തുരക്ഷിക്കുമെന്ന് പെരുമ്പറയടിക്കുന്ന സിപിഎമ്മും സിപിഐയും കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്‌ലിം സമുദായത്തോട് കാട്ടിയത് കൊടിയ വിവേചനംതന്നെ. മലപ്പുറം, പൊന്നാനി, വയനാട് തുടങ്ങിയ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളില്‍ ചാവേറാവനല്ലാതെ, ജയിക്കുമെന്നുറപ്പുള്ള ഒരു മണ്ഡലത്തിലും എല്‍ഡിഎഫ് മുസ്‌ലിം സമുദായത്തെ 2019 ലും പരിഗണിച്ചില്ല.

അതേസമയം, മുസ്‌ലിംകളേക്കാള്‍ ജനസംഖ്യാനുപാതികമായി ഏറെ പിന്നിലുള്ള പി സി ജോര്‍ജിന്റെ സമുദായം ലോക്‌സഭകളിലും രാജ്യസഭകളിലും കൂടുതല്‍ അംഗങ്ങളെ നേടി. കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ചിത്രം ഈ അസമത്വം വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്‌സഭകളില്‍ തുടര്‍ച്ചയായി കേരളത്തില്‍നിന്ന് മൂന്ന് അംഗങ്ങള്‍ മാത്രം. അതില്‍ രണ്ടും ലീഗിന്റേത്. എന്നാല്‍, ഇടതുവലത് മുന്നണികളിലായി കേരളത്തില്‍നിന്ന് വിവിധ ലോക്‌സഭയിലേക്ക് അഞ്ചും ആറും ക്രിസ്ത്യന്‍ അംഗങ്ങള്‍ വീതമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മാറിമാറി വരുന്ന സര്‍ക്കാരുകളില്‍ വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ഏറ്റെടുത്തുകൊണ്ട് മുസ്‌ലിം മന്ത്രിമാര്‍ ആ സമുദായത്തിനുവേണ്ടി എന്തൊക്കെയോ ചെയ്തുകൊടുക്കുന്നുവെന്നും ക്രൈസ്തവ സമുദായത്തിന് ഒന്നും ലഭിക്കുന്നില്ലെന്നുമാണ് ജോര്‍ജിന്റെ കണ്ടുപിടിത്തം. അരനൂറ്റാണ്ടിന്റെ കേരള ചരിത്രം പരിശോധിച്ചാല്‍ അധികാരരാഷ്ട്രീയത്തിന്റെ നാള്‍വഴികളില്‍ ക്രൈസ്തവ സമുദായം വെട്ടിപ്പിടിച്ച നേട്ടങ്ങള്‍ വ്യക്തമാവും.

മുസ്‌ലിം സമുദായത്തെ ബഹുഭൂരിപക്ഷം പിന്തള്ളിയാണ് ജോര്‍ജിന്റെ സമുദായം ആധിപത്യം നേടിയത്. വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് മുസ്‌ലിം സമുദായതൃതിനെതിരേ പ്രധാനമായും യുദ്ധപ്രഖ്യാപനം നടത്തിയത്. ഇന്നലെ വരെ ആ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരുടെ പട്ടിക പരിശോധിച്ചാല്‍ ജോസഫ് മുണ്ടശ്ശേരി മുതല്‍ ജോര്‍ജിന്റെ സമുദായത്തിലെ മന്ത്രിമാരായ ടി എം ജേക്കബ്, ബേബി ജോണ്‍, പി ജെ ജോസഫ്, എം എ ബേബി തുടങ്ങിയവര്‍.

എല്ലാ വകുപ്പുകള്‍ക്കും പണം അനുവദിക്കുന്ന കേരളത്തിന്റെ ഖജനാവ് സൂക്ഷിപ്പുകാര്‍ ബഹുഭൂരിഭാഗവും ക്രൈസ്തവ സമുദായത്തില്‍നിന്ന്. പി കെ കുഞ്ഞിനെ മാറ്റിനിര്‍ത്തിയാല്‍ ജോര്‍ജ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമുദായത്തില്‍നിന്നും വേറാരും കേരളത്തില്‍ ധനകാര്യമന്ത്രിയായിട്ടില്ല. അതേസമയം, ദീര്‍ഘനാള്‍ ആ പദവിയിലിരുന്നത് കെ എം മാണിയാണ്. ഇന്ന് ആ പദവിയിലിരിക്കുന്നത് തോമസ് ഐസക്കാണ്. ഈ മന്ത്രിമാരെയൊക്കെ നയിക്കുന്ന മന്ത്രിസഭാ തലവന്‍മാരായി കേരളത്തില്‍ ഒരു ഡസനിലേറെ മുഖ്യമന്ത്രിമാര്‍ കടന്നുപോയിട്ടുണ്ട്. ഇവിടെ 1979 ഒക്ടോബര്‍ 12ന് അധികാരത്തില്‍ വന്ന സി എച്ച് മുഹമ്മദ് കോയ എന്ന ഏക മുഖ്യമന്ത്രിക്ക് ഡിസംബര്‍ ഒന്നിന് രാജിവയ്‌ക്കേണ്ടിവന്നു.

അതേസമയം, ജോര്‍ജിന്റെ സമുദായത്തില്‍നിന്ന് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും വര്‍ഷങ്ങളായി പല സര്‍ക്കാരുകള്‍ക്കായി നേതൃത്വം കൊടുത്തപ്പോഴൊന്നും ഇപ്പോള്‍ ജോര്‍ജും പിണറായിയും വിജയരാഘവനും കുഞ്ഞാലിക്കുട്ടിയെ ചൂണ്ടി ഉയര്‍ത്തുന്നതുപോലുള്ള ആശങ്ക ആരും ഉന്നയിച്ചതുമില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ജോര്‍ജ് ചീഫ് വിപ്പ് ആയിരുന്നു. അന്ന് 22 പദവികളില്‍ 8 പദവികള്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഉള്‍പ്പെടെ താക്കോല്‍ സ്ഥാനങ്ങളടക്കം കൈയടക്കിയത് ജോര്‍ജിന്റെ സമുദായമാണ്.

അതേസമയം, ആ സര്‍ക്കാരില്‍ ഒരു മുസ്‌ലിം മന്ത്രിയെ കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ മുസ്‌ലിം വിരോധത്തിന്റെ ആകാശമൊന്നാകെ ഇടിഞ്ഞുവീണു. രണ്ടാം മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ കേരളത്തിന് വമ്പിച്ച പ്രാധാന്യമുണ്ടായിരുന്നു. ഡെപ്യൂട്ടി രാജ്യസഭാ ചെയര്‍മാനടക്കം മൂന്ന് കാബിനറ്റ് പദവികളും ഒരു സ്വതന്ത്രചുമതലയുള്ള പദവിയും മൂന്ന് സഹമന്ത്രിയും. ആകെ ഏഴു പദവികള്‍. അതില്‍ മൂന്നില്‍ രണ്ട് കാബിനറ്റ് പദവികളും പി സി ജോര്‍ജിന്റെ സമുദായം സ്വന്തമാക്കി.

ഭൂരിപക്ഷ സമുദായത്തെപ്പോലും മറികടന്ന് സ്വതന്ത്രചുമതലയുള്ള ഏകസ്ഥാനവും ക്രിസ്ത്യന്‍ സമുദായത്തിനു ലഭിച്ചപ്പോള്‍ 27 ശതമാനം വരുന്ന സമുദായത്തിന് അരമന്ത്രി പദവി മാത്രമാണ് മന്‍മോഹന്‍ സിങ് മന്ത്രി സഭയില്‍ ലഭിച്ചത്. 2010ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് ഒഴിവാണ് കേരളത്തില്‍ വന്നത്. ഒരെണ്ണം എല്‍ഡിഎഫിനും രണ്ടെണ്ണം യുഡിഎഫിനും. മുസ്‌ലിം ലീഗ് അംഗം അബ്ദുല്‍വഹാബിന്റെ കാലാവധി പൂര്‍ത്തിയായ സന്ദര്‍ഭം. കോണ്‍ഗ്രസ് വാശിപിടിച്ചു. അങ്ങനെ എ കെ ആന്റണിക്ക് യുഡിഎഫിന്റെ ഒരു സീറ്റ് തരപ്പെടുത്തിക്കൊടുത്തു. വെറും ഏഴംഗങ്ങളുള്ള കേരള മാണി കോണ്‍ഗ്രസിന്റെയും സഭകളുടെയും സമ്മര്‍ദത്തില്‍ ജോയ് എബ്രഹാമും രാജ്യസഭയിലേക്കു കടന്നുപോയി.

2010-2015 രാജ്യസഭയുടെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ അമ്പരപ്പിക്കുന്ന കണക്കുകള്‍ കാണാം. 140 നിയമസഭാ സാമാജികരെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേയ്ക്ക് കേരളത്തില്‍നിന്നു പോയ ഒമ്പത് പേരില്‍ മൂന്നും സ്വന്തമാക്കിയിരിക്കുന്നത് 18 ശതമാനം മാത്രം വരുന്ന പി സി ജോര്‍ജിന്റെ സമുദായം..!

സ്വകാര്യ എയ്ഡഡ് മേഖലയില്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്‍പി സ്‌കൂള്‍ മുതല്‍ ഡിഗ്രി, പിജി കോളജുകള്‍, മെഡിക്കല്‍, ദന്തല്‍, ഫാര്‍മസി നഴ്‌സിങ്, സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളടക്കം 18 ശതമാനം മാത്രം ജനസംഖ്യയുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങക്ക് 55 മുതല്‍ 70 ശതമാനം വരെ പ്രാതിനിധ്യമുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം ഇപ്പോഴും 30 ശതമാനത്തില്‍ താഴെയാണ്. കല്ലുവച്ച നുണകള്‍ പറഞ്ഞ് മുസ്‌ലിം സമുദായത്തിനെതിരേ പി സി ജോര്‍ജുമാര്‍ പുകമറയുണ്ടാക്കുമ്പോള്‍ അത് തുറന്നുകാട്ടാനുള്ള ആര്‍ജവം കാണിക്കാതെ സമുദായത്തിന്റെ മാനേജര്‍മാരും മറ്റും മാളത്തിലൊളിക്കുകയാണെന്നതും അപ്രിയസത്യം..!

(അവസാനിച്ചു)

Tags:    

Similar News