ക്രിസംഘികളിലൂടെ വോട്ട് മറിക്കല്‍: ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം തമ്മില്‍ തല്ലിച്ച് ചോര കുടിക്കാന്‍

ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വരുന്ന മിക്ക പോസ്റ്റുകളും കടുത്ത മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നവയാണ്

Update: 2021-02-27 15:22 GMT

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എങ്ങിനെയെങ്കിലും സീറ്റ് വര്‍ധിപ്പിക്കാന്‍ ബിജെപി ക്രിസംഘികളിലൂടെ ശ്രമം ശക്തമാക്കുന്നു. മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായത്തെ പരസ്പരം തമ്മിലടിപ്പിച്ച് വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള ബിജെപിയുടെ ശ്രമത്തില്‍ അത്യുല്‍സാഹത്തോടെ വിവിധ ക്രിസ്തീയ ഗ്രൂപ്പുകളും പങ്കുചേരുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ വളരെ സജീവമായ ക്രിസ്ത്യന്‍ ഗ്രൂപ്പുകളിലെല്ലാം തന്നെ മുസ്‌ലിം വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ബിജെപിക്ക് അനുകൂലമായ അഭിപ്രായരൂപീകരണം സൃഷ്ടിക്കാനുള്ള ശ്രമം തിരഞ്ഞെടുപ്പ് അടുത്തതോടെ ശക്തമായിട്ടുണ്ട്.


ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വരുന്ന മിക്ക പോസ്റ്റുകളും കടുത്ത മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നവയാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുര്‍ക്കി ഭരണാധികാരി റജബ് ത്വയ്യിബ് ഉര്‍ദുഗാനെ കുറിച്ച് 'ചന്ദ്രിക' പത്രത്തിലെഴുതിയ ലേഖനം പോലും വര്‍ധിച്ചു വരുന്ന മുസ്‌ലിം തീവ്രവാദത്തിന്റെ അടയാളമായി കാണിക്കുന്ന പേജാണ് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍. കടുത്ത ഹിന്ദുത്വ വര്‍ഗ്ഗീയവാദി പ്രതീഷ് വിശ്വനാഥിന്റെ ഹിന്ദു ഹെല്‍പ്പ് ലൈനിന് സമാനമായി രൂപം നല്‍കിയതാണ് ക്രിസ്ത്യന്‍ ഹെല്‍പ്പ്‌ലൈനും. എവിടെയാണ് എന്നറിയാത്ത ജസ്‌ന എന്ന പെണ്‍കുട്ടിയുടെ തീരോധാനവും ലൗ ജിഹാദുമാണ് ഇതില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത്. മുസ്‌ലിം വിരുദ്ധതയാണ് രണ്ടിന്റെയും ഉള്ളടക്കം.


മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്റെ ഔദ്യോഗിക പേജിലും മുസ്‌ലിം വിരുദ്ധ പോസ്റ്റുകളുടെ വിളയാട്ടമാണ്. ' മേത്തന്‍മാര്‍ എതിര്‍ക്കുന്ന പി സി ജോര്‍ജ്ജിനെ വിജയിപ്പിക്കല്‍ ക്രിസ്ത്യാനികളുടെ മതപരമായ കടമയാണ് ' എന്ന തരത്തിലുള്ള കമന്റുകള്‍ പി സി ജോര്‍ജ്ജിനുള്ള പിന്തുണയായി വരുന്നുണ്ട്. നിലവിലുള്ളതോ വ്യാജമായതോ ആയ ഐഡിയില്‍ നിന്നും ഏതെങ്കിലും മുസ്‌ലിം വിരുദ്ധ പോസ്റ്റുകള്‍ വരുന്നതോടെ ക്രിസ്തീയ സംഘടനാ നേതാക്കളില്‍ നിന്നുവരെ കടുത്ത വര്‍ഗ്ഗീയത വ്യക്തമാക്കുന്ന അഭിപ്രായങ്ങളാണ് അതിനു താഴെ കമന്റുകളായി വരുന്നത്. വിരമിച്ച അധ്യാപകര്‍ വരെ ഇത്തരത്തില്‍ വര്‍ഗ്ഗീയ പോസ്റ്റുകളുമായി ഗ്രൂപ്പില്‍ സജീവമാണ്.


ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ എന്ന 2020 ജൂലൈയില്‍ രൂപീകരിച്ച ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പതിനായിരത്തോളം അംഗങ്ങളാണുള്ളത്. ഇതില്‍ ദിവസവും 20തോളം പുതിയ പോസ്റ്റുകള്‍ വരുന്നുണ്ട്. അതിലേറെയും മുസ്‌ലിം വിരുദ്ധമായ അഭിപ്രായങ്ങളാണ്. കേരളത്തിലെ ശരിയായ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് ജനാധിപത്യത്തില്‍ ഇടപെടാനും അവകാശങ്ങള്‍ നേടിയെടുക്കാനും ഉള്ള കഴിവ് കുറഞ്ഞുവരികയാണെന്നും ക്രിസ്തീയ സമൂഹത്തെ ഉറച്ച രാഷ്ട്രീയ ശക്തിയാക്കലാണ് ലക്ഷ്യമെന്നുമാണ് ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ അതിന്റെ ലക്ഷ്യമായി പറയുന്നത്. പക്ഷേ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രം രൂപം നല്‍കിയ ഗ്രൂപ്പാണ് ഇതെന്നാണ് പോസ്റ്റുകളിലൂടെ വ്യക്തമാകുന്നത്.


നസ്രാണി ശബ്ദം, കേരള കാത്തലിക് ഗ്രൂപ്പ് എന്നീ ഫെയ്‌സ്ബുക്ക് പേജുകളും വളരെ ആസൂത്രിതമായി തന്നെ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളാണ്. പുതിയ സാഹചര്യത്തില്‍ ക്രിസംഘികളായി മാറിയ ക്രിസ്തീയ സമുദായാംഗങ്ങള്‍ പുറത്തുവിടുന്ന അഭിപ്രായങ്ങള്‍ രണ്ടു ന്യൂനപക്ഷ സമുദായങ്ങളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കാനുള്ള സംഘപരിവാരത്തിന്റെ ശ്രമങ്ങള്‍ ഒരു പരിധിവരെ എങ്കിലും വിജയിച്ചതായിട്ടാണ് കാണിക്കുന്നത്.


2008 ല്‍ ഒഡിഷയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ സംഘപരിവാരം നടത്തിയ കലാപമോ, അതില്‍ 39 ക്രിസ്തുമത വിശ്വാസികള്‍ കൊല്ലപ്പെട്ടതോ ക്രിസംഘികള്‍ ഓര്‍ക്കുന്നുപോലുമില്ല. ക്രിസ്ത്യന്‍ മതപ്രചാരകനായ ഗ്രഹാം സ്റ്റെയിനിനെയും പിഞ്ചു കുട്ടികള്‍ ഉള്‍പ്പടെയുള്ള കടുംബാംഗങ്ങളെയും വാനിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ സംഘപരിവാരത്തിനൊപ്പം ചേര്‍ന്ന് ചെറിയ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി മുസ്‌ലിം വിരുദ്ധത ആളിക്കത്തിക്കുകയാണ് പുതിയ കാലത്തെ ക്രിസംഘികള്‍.




Tags:    

Similar News