ജോസഫിനെ വെട്ടി; കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ യുഡിഎഫ് സ്ഥാനാര്‍ഥി
മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളാ കോണ്‍ഗ്രസ് (എം) തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. രാത്രി വൈകി ഒറ്റവരി വാര്‍ത്താക്കുറിപ്പിലാണ് കെ എം മാണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ജോസഫ് വിഭാഗത്തിന്റെയും കോണ്‍ഗ്രസിന്റെയും സമ്മര്‍ദം അതിജീവിച്ചാണ് മുന്‍ ഏറ്റുമാനൂര്‍ എംഎല്‍എ ചാഴികാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
കോട്ടയം: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ എതിര്‍പ്പിനെ അവഗണിച്ച് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായി തോമസ് ചാഴിക്കാടനെ പ്രഖ്യാപിച്ചു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളാ കോണ്‍ഗ്രസ് (എം) തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. രാത്രി വൈകി ഒറ്റവരി വാര്‍ത്താക്കുറിപ്പിലാണ് കെ എം മാണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ജോസഫ് വിഭാഗത്തിന്റെയും കോണ്‍ഗ്രസിന്റെയും സമ്മര്‍ദം അതിജീവിച്ചാണ് മുന്‍ ഏറ്റുമാനൂര്‍ എംഎല്‍എ ചാഴികാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
വര്‍ക്കിങ് ചെയര്‍മാനായ പി ജെ ജോസഫ് കോട്ടയത്ത് മല്‍സരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടും ഇതിനെ കോണ്‍ഗ്രസ് പിന്തുണച്ചിട്ടും കേരളാ കോണ്‍ഗ്രസ് (എം) ഇതിന് വഴങ്ങാന്‍ കൂട്ടാക്കിയില്ല. ജോസഫിന് സീറ്റ് നല്‍കുന്നതില്‍ കേരളാ കോണ്‍ഗ്രസ് (എം) പ്രാദേശിക ഘടകങ്ങള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കോട്ടയം ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ സീറ്റ് മാണി വിഭാഗത്തിന് വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഏഴ് നിയോജക മണ്ഡലം കമ്മിറ്റികളില്‍ ആറ് എണ്ണവും കെ എം മാണിക്കൊപ്പമാണ്. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു മാണിക്കും താല്‍പര്യം. അതേസമയം, അവസാന നിമിഷംവരെ പ്രതീക്ഷ കൈവിടാന്‍ പി ജെ ജോസഫ് തയ്യാറായിരുന്നില്ല. ശുഭപ്രതീക്ഷയിലാണെന്നും നീതിപൂര്‍വമായ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു ജോസഫിന്റെ അവസാന പ്രതികരണം.
എന്നാല്‍, ജോസഫിന്റെ ആവശ്യത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്കിടയാക്കിയിട്ടുണ്ട്. വാര്‍ത്താക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ജോസഫ് വിഭാഗം തൊടുപുഴയില്‍ രഹസ്യയോഗം ചേരുകയാണ്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിര്‍ണായക തീരുമാനങ്ങളിലേക്ക് ജോസഫ് വിഭാഗം കടക്കുമെന്നേക്കുമെന്നാണ് സൂചന. എന്നാല്‍, പാര്‍ട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു തോമസ് ചാഴിക്കാടന്റെ പ്രതികരണം. ജോസഫ് നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.