പായിപ്പാട് അതിഥി തൊഴിലാളികളെ ഇളക്കിവിട്ടതിന് പിന്നില്‍ ബിജെപിയും കെട്ടിട ഉടമകളുമെന്ന് സൂചന
ഈമാസം 28ന് തഹസില്‍ദാര്‍ വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ അതിഥി തൊഴിലാളികളുടെ പൂര്‍ണചെലവ് കെട്ടിട ഉടമകള്‍ വഹിക്കണമെന്നും അവരില്‍നിന്ന് കെട്ടിട വാടകയോ കറന്റ് ചാര്‍ജോ ഈടാക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.
കോട്ടയം: ലോക്ക് ഡൗണ്‍ ലംഘിച്ച് പായിപ്പാട് അതിഥി തൊഴിലാളികള്‍ തെരുവില്‍ സംഘടിച്ചതിന് പിന്നില്‍ ബിജെപിയും തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിട ഉടമകളുമാണെന്ന് സൂചന. ഇതരസംസ്ഥാന തൊഴിലാളികളുടെ വാട്സ് ആപ്പ് ഉള്‍പ്പടെ നവമാധ്യമങ്ങള്‍വഴി പ്രചരിച്ച സന്ദേശങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നാണ് പോലിസിന്റെ നിഗമനം. ഡല്‍ഹിയില്‍നിന്ന് പലായനം ചെയ്ത തൊഴിലാളികള്‍ക്കായി യുപി സര്‍ക്കാര്‍ ബസ് വിട്ടുനല്‍കി. എന്തുകൊണ്ട് നിങ്ങള്‍ക്കും ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിക്കൂടാ എന്ന തരത്തിലുള്ള ഹിന്ദിയിലുള്ള ഓഡിയോ സന്ദേശങ്ങളാണ് ഇവര്‍ക്കിടയില്‍ പ്രചരിച്ചത്. രണ്ടുദിവസത്തിനുള്ളില്‍ ഭക്ഷണമില്ലാതാവുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.
കൂടാതെ സംഘടിച്ച് പ്രതിഷേധിച്ചാല്‍ നാട്ടിലേക്ക് പോവാന്‍ കഴിയുമെന്നും ഭക്ഷണവും വെള്ളവുമില്ലെന്ന് പറയണമെന്നും ഹിന്ദി അടക്കമുള്ള ഭാഷകളില്‍ ഇവര്‍ ക്യാംപുകളിലെത്തി പ്രചരണം നടത്തിയതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോവാന്‍ നിലമ്പൂരില്‍നിന്ന് ട്രെയിന്‍ സൗകര്യമുണ്ടെന്നും സന്ദേശങ്ങള്‍ പ്രചരിച്ചത് തൊഴിലാളികളില്‍ പ്രതീക്ഷയുണ്ടാക്കി. പായിപ്പാടുണ്ടായ പ്രതിഷേധം മുതലെടുത്ത് ബിജെപി കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന പ്രതികരണങ്ങള്‍ അവരുടെ പങ്ക് വ്യക്തമാക്കുന്നതാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മുതല്‍ ജില്ലയിലെ പ്രാദേശിക നേതാക്കള്‍വരെ പ്രസ്താവനയുമായി രംഗത്തെത്തി.
അതിഥി തൊഴിലാളികള്‍ രംഗത്തെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വീഴ്ചയാണെന്നായിരുന്നു ബിജെപിയുടെ കുറ്റപ്പെടുത്തല്‍. കേന്ദ്രസര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെന്നായിരുന്നു ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോന്റെ ആരോപണം. ബിജെപിക്കൊപ്പം കെട്ടിട ഉടമകളുടെ ഇടപെടലും തൊഴിലാളികളെ ഇളക്കിവിടുന്നതിന് പിന്നിലുണ്ടായി. ഈമാസം 28ന് തഹസില്‍ദാര്‍ വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ അതിഥി തൊഴിലാളികളുടെ പൂര്‍ണചെലവ് കെട്ടിട ഉടമകള്‍ വഹിക്കണമെന്നും അവരില്‍നിന്ന് കെട്ടിട വാടകയോ കറന്റ് ചാര്‍ജോ ഈടാക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ ഭക്ഷണവും സൗകര്യവും നല്‍കില്ലെന്നും വ്യക്തമാക്കി.
ഉടമകള്‍ ഇതിനെ എതിര്‍ത്തെങ്കിലും സര്‍ക്കാരിന്റെ തീരുമാനമാണെന്ന് വ്യക്തമാക്കി ഇവരെ സമ്മതിപ്പിക്കുകയായിരുന്നു. ഇതോടെ പൂര്‍ണമനസ്സില്ലാതെയാണ് ഇവര്‍ ഇക്കാര്യം ഏറ്റെടുത്തത്. കൂടാതെ ഇവരെ നാട്ടിലേക്ക് അയക്കാന്‍ കഴിയുമോയെന്ന ആലോചനയും യോഗത്തിലുണ്ടായി. അത് നടപ്പാവില്ലെന്ന് ഉറപ്പായിരുന്നു. കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍തന്നെ ആയിരക്കണക്കിന് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്. പോവാന്‍ തയ്യാറായി നിന്ന തൊഴിലാളികളെ പിടിച്ചുനിര്‍ത്തിയത് കെട്ടിട ഉടമകളാണ്. ക്യാംപുകള്‍ അടച്ച് മുഴുവനാളുകളെയും നാട്ടിലേക്ക് പറഞ്ഞുവിട്ട കെട്ടിട ഉടമകളുമുണ്ട്. എങ്കിലും നാലായിരത്തോളം തൊഴിലാളികള്‍ പായിപ്പാട് പഞ്ചായത്തിലുണ്ട്. ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ തൊഴിലാളികളുടെ ചെലവ് വഹിക്കുകയെന്നത് കെട്ടിട ഉടമകള്‍ക്ക് വലിയ ബാധ്യതയാണ്.
അതുകൊണ്ട് തൊഴിലാളികളെ നാട്ടിലേക്ക് പറഞ്ഞുവിടുകയെന്നത് കെട്ടിട ഉടമകളുടെ ആവശ്യംകൂടിയാണ്. ഇതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ ചില കെട്ടിട ഉടമകള്‍ ബിജെപി സംസ്ഥാന നേതാവിനെ നേരില്‍ക്കണ്ട് തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോവുന്നതിന് സൗകര്യമുണ്ടാക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ബംഗാള്‍ സര്‍ക്കാര്‍ കേരള സര്‍ക്കാര്‍വഴി അവരെ ബംഗാളിലേക്ക് കയറ്റുന്നതിന് പ്രശ്നമില്ലെന്ന് രേഖാമൂലം കത്ത് നല്‍കിയാല്‍ അത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്ന് ബിജെപി നേതാവ് കെട്ടിട ഉടമകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നുവെന്നാണ് വിവരം. ഈ ബിജെപി നേതാവിന്റെ അടുത്ത ബന്ധുവിനുമുണ്ട് നൂറുകണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപ്. നേതാവിനെ കണ്ടതിനുശേഷമായിരുന്നു പായിപ്പാട് കവലയിലെ പ്രശ്നങ്ങള്‍. ഭക്ഷണം വേണ്ട, വെള്ളം വേണ്ട നാട്ടില്‍ പോവണമെന്നത് മാത്രമായിരുന്നു തൊഴിലാളികളുടെ ആവശ്യം.
തൊട്ടടുത്ത പത്തനംതിട്ട ജില്ലയില്‍നിന്നുവരെ തൊഴിലാളികള്‍ കൂട്ടമായെത്തി റോഡ് ഉപരോധിക്കുന്നതിലേക്കും സംഘര്‍ഷസാധ്യതയിലേക്കും കാര്യങ്ങളെത്തി. നാട്ടിലേക്ക് പോവാന്‍ കഴിയില്ലെന്ന് വ്യക്തമായിട്ടും പൊടുന്നനെ ക്യാംപില്‍നിന്ന് തൊഴിലാളികള്‍ തെരുവിലിറങ്ങാനുള്ള സാഹചര്യത്തെക്കുറിച്ചാണ് പോലിസ് അന്വേഷിക്കുന്നത്. കൂടാതെ പായിപ്പാട് പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫാണ്. അതിഥി തൊഴിലാളികള്‍ അവഗണന നേരിടുന്നുവെന്ന പ്രചാരണം അഴിച്ചുവിട്ട് അടുത്ത തദ്ദേശതിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാന്‍ സിപിഎം പ്രാദേശികമായി വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിച്ചതായും ആരോപണമുണ്ട്. എന്നാല്‍, പ്രശ്നം സങ്കീര്‍ണമായതോടെ സംസ്ഥാന സര്‍ക്കാര്‍തന്നെ പ്രതിരോധത്തിലാവുന്ന സാഹചര്യമാണുണ്ടായത്.