പാലാ ബിഷപ്പ്: സർക്കാർ സാഹചര്യം വഷളാക്കുന്നുവെന്ന് ചെന്നിത്തല
സർക്കാർ കാഴ്ചക്കാരായി നോക്കി നിൽക്കുന്നത് അങ്ങേയറ്റം ആപത്കരമാണ്. ദുരഭിമാനം വെടിഞ്ഞ് സർവകക്ഷിയോഗം വിളിക്കണം.
പാലക്കാട്: പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാർ സാഹചര്യം വഷളാക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സാമുദായിക സൗഹാർദം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സർക്കാർ കാഴ്ചക്കാരായി നോക്കി നിൽക്കുന്നത് അങ്ങേയറ്റം ആപത്കരമാണ്. ദുരഭിമാനം വെടിഞ്ഞ് സർവകക്ഷിയോഗം വിളിക്കണം. ബിജെപി എരിതീയിൽ എണ്ണ ഒഴിക്കുകയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
പാലാ ബിഷപ്പിന്‍റെ വംശീയപരാമർശം വിവാദമായതിന് പിന്നാലെ സമവായശ്രമങ്ങളുടെ ഭാഗമായി കെപിസിസി നേതൃത്വം വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. കൂടാതെ, സമുദായ നേതാക്കളുടെ യോഗം വിളിക്കുമെന്നും കെപിസിസി അറിയിച്ചിട്ടുണ്ട്.