ഇഞ്ചോടിഞ്ച് പോരാട്ടം; ഒടുവില്‍ കലാകിരീടത്തില്‍ വീണ്ടും മുത്തമിട്ട് പാലക്കാട്
949 പോയിന്റുകള്‍ വീതംനേടി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റോടെ തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. അറബിക് കലോല്‍സവത്തില്‍ നാല് ജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിട്ടു. സംസ്‌കൃതോല്‍സവത്തില്‍ എറണാകുളവും തൃശൂരുമാണ് ജേതാക്കള്‍.
കാസര്‍ഗോഡ്: 60ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് വീണ്ടും കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് 951 പോയിന്റ് നേടി പാലക്കാട് ഒരിക്കല്‍ക്കൂടി സുവര്‍ണകിരീടത്തില്‍ മുത്തമിട്ടത്. 949 പോയിന്റുകള്‍ വീതംനേടി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റോടെ തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. അറബിക് കലോല്‍സവത്തില്‍ നാല് ജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിട്ടു. സംസ്‌കൃതോല്‍സവത്തില്‍ എറണാകുളവും തൃശൂരുമാണ് ജേതാക്കള്‍. സ്‌കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി ഒന്നാം സ്ഥാനം നേടി. ഒമ്പതാം തവണയാണ് ഗുരുകുലം സ്‌കൂള്‍ തലത്തില്‍ ഒന്നാമതെത്തുന്നത്.
ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നേടിയ 170 പോയിന്റിന്റെ പിന്‍ബലത്തിലാണ് പാലക്കാട് സ്വര്‍ണക്കപ്പ് നിലനിര്‍ത്തിയത്. കഴിഞ്ഞവര്‍ഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിക്കാനുറപ്പിച്ച് പോരാടിയെങ്കിലും കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ആലപ്പുഴയില്‍ കൈവിട്ട കപ്പ് ഇത്തവണ തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കോഴിക്കോട്. അവസാന ദിവസംവരെ ചെറിയ ലീഡോടുകൂടിയാണെങ്കിലും കോഴിക്കോട് തന്നെയായിരുന്നു പോയിന്റ് നിലയില്‍ ഒന്നാമത്. എന്നാല്‍, അവസാന ദിവസം പാലക്കാട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ശാസ്ത്രമേളയില്‍ കോഴിക്കോടും പാലക്കാടും പോയിന്റ് കണക്കില്‍ തുല്യരായിരുന്നെങ്കിലും ഒരു ഒന്നാം സ്ഥാനം കൂടുതലുണ്ടായിരുന്നതിനാല്‍ കിരീടം കോഴിക്കോടിനായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ പാലക്കാടിന്റേത് മധുരപ്രതികാരം കൂടിയാണ്.
കായികമേളയിലും ഇത്തവണ പാലക്കാടിനായിരുന്നു ചാംപ്യന്‍ഷിപ്പ്. അടുത്ത വര്‍ഷത്തെ കലോല്‍സവം കൊല്ലം ജില്ലയിലാണ് നടക്കുക. കലോല്‍സവത്തില്‍ ഉടനീളം കണ്ടപോലെ ജനസമുദ്രത്തെ സാക്ഷിനിര്‍ത്തിയാണ് സമാപനസമ്മേളനവും നടന്നത്. മുഖ്യവേദിയായ പി കുഞ്ഞിരാമന്‍ നഗറില്‍ നടന്ന സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി പി രവീന്ദ്രനാഥ്, മന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സിനിമാ താരങ്ങളായ രമേഷ് പിശാരടി, ബിന്ദുജ മേനോന്‍ തുടങ്ങിയവര്‍ പങ്കാളികളായി. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിജയികളായ പാലക്കാട് ജില്ലയിലെ മല്‍സരാര്‍ഥികള്‍ക്ക് സ്വര്‍ണക്കപ്പ് കൈമാറി.