കലാമാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാടി കോഴിക്കോടും കണ്ണൂരും

Update: 2023-01-07 05:23 GMT

കോഴിക്കോട്: അഞ്ചുനാള്‍ നീണ്ടുനിന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ഇന്ന് കൊടിയിറങ്ങും. സ്വര്‍ണക്കപ്പിനായി കോഴിക്കോടും കണ്ണൂരും പാലക്കാടും കുതിക്കുകയാണ്. 891 പോയിന്റുമായി കോഴിക്കോട് കണ്ണൂരിനെ മറികടന്നു. 883 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നിലുണ്ട്. പാലക്കാട് 872 പോയിന്റുമായി മൂന്നാമതാണ്. അപ്പീലുകളുമായെത്തിയ 78 മല്‍സരങ്ങളുടെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. തൃശൂര്‍ ജില്ലയാണ് നാലാം സ്ഥാനത്തുള്ളത്. 871 പോയിന്റാണ് ജില്ലയ്ക്കുള്ളത്. പാലക്കാടുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് തൃശൂര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ കോഴിക്കോടിന് 419 ഉം കണ്ണൂരിന് 402 ഉം പാലക്കാടിന് 413 ഉം തൃശൂരിന് 397 ഉം പോയിന്റുണ്ട്. ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ കണ്ണൂരിനാണ് കൂടുതല്‍ പോയിന്റ്. കണ്ണൂരിന് 481 ഉം കോഴിക്കോടിന് 472 ഉം പാലക്കാടിന് 459 ഉം തൃശൂരിന് 458 ഉം പോയിന്റുണ്ട്. ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ കോഴിക്കോടിനും കണ്ണൂരിനും പാലക്കാടിനും 95 പോയിന്റുകള്‍ വീതമാണുള്ളത്. മേള ഇന്ന് സമാപിക്കുമ്പോള്‍ സ്വര്‍ണക്കപ്പ് ഉയര്‍ത്തുമെന്ന ആകാംക്ഷയിലാണ് കലാകേരളം. വീറും വാശിയുമുള്ള പോരാട്ടമാണ് ഇന്ന് വേദികളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

നിലവിലെ ചാംപ്യന്‍മാരായ പാലക്കാടിനെ പിന്തള്ളി കോഴിക്കോട് സ്വര്‍ണക്കപ്പില്‍ മുത്തമിടുമോയെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സംഘാടന മികവിലും ഒത്തിണക്കത്തിലും അപൂര്‍വതകളേറെ നിറഞ്ഞ കലോല്‍സവത്തിനാണ് ഇന്ന് സമാപനമാവുന്നത്. മാപ്പിള കലകളും ക്ഷേത്രകലകളും ഉള്‍പ്പെടെ കലാസ്വാദകര്‍ ഒരുപോലെ ഏറ്റുവാങ്ങി. പ്രധാന വേദികളെല്ലാം തിങ്ങിനിറഞ്ഞത് ഇതിന് തെളിവായിരുന്നു.

പ്രധാന വേദിയായ വിക്രം മൈതാനിയുള്‍പ്പെടെ ആള്‍തിരക്കില്‍ വീര്‍പ്പുമുട്ടി. കോഴിക്കോട്ടുകാര്‍ക്ക് കലയും കലാകാരന്മാരും ജീവിതത്തിന്റെ ഭാഗമാണ്. ഇതിന്റെ തെളിവാണ് ഈ ജനപങ്കാളിത്തം. പതിനായിരങ്ങളാണ് മത്സരം കാണാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വേദികളിലെത്തിയത്. കലോത്സവത്തിന്റെ നാലാം ദിനം മുഴുവന്‍ വേദികളും കാലുകുത്താന്‍ ഇടമില്ലാത്ത രീതിയില്‍ നിറഞ്ഞു കവിഞ്ഞിരുന്നു. രണ്ടാം വേദിയായ സമൂതിരി സ്‌കൂളിലെ 'ഭൂമി'യില്‍ നാടകം കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. വിദ്യാര്‍ഥികള്‍ തന്മയത്വത്തോടെ ഓരോ നാടകങ്ങളും കാണികള്‍ക്ക് മുന്നിലെത്തിച്ചു. സമൂതിരി സ്‌കൂള്‍ ഗ്രൗണ്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

തിരുവാതിരക്കളിയോടെയാണ് ഒന്നാം വേദി ഇന്നലെ മിഴി തുറന്നത്. തുടര്‍ന്ന് സംഘനൃത്തവും അരങ്ങേറി. മത്സരം ആരംഭിച്ചതോടെ രാവിലെ മുതല്‍ ഇരിപ്പിടം നിറഞ്ഞു കവിഞ്ഞു. വേദിക്ക് പുറത്തേക്കും നിറഞ്ഞ് കവിഞ്ഞ ജനസാഗരത്തിന് മുന്നില്‍ മിടുക്കികള്‍ സംഘനൃത്തവും തിരുവാതിര കളിയും ചുവട് തെറ്റാതെ അവതരിപ്പിച്ചു. നിറഞ്ഞ കൈയടികളാണ് ഓരോ ടീമിനും മല്‍സര ശേഷം വേദിയില്‍ നിന്ന് ലഭിച്ചത്. വിവിധ യൂനിഫോം സേനകളും വളണ്ടിയര്‍മാരും മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കും ആവശ്യമായ സഹായങ്ങളുമായി 24 വേദികളിലുമുണ്ട്. കുടിവെള്ളം നിറച്ചു വെക്കുന്ന കൂജകള്‍ ഒഴിഞ്ഞു കിടക്കാതിരിക്കാന്‍ വളണ്ടിയര്‍മാര്‍ കൃത്യമായ ജാഗ്രത പുലര്‍ത്തി രംഗത്തുണ്ട്.

Tags:    

Similar News