പാലക്കാട് കസ്റ്റഡി മര്‍ദ്ദനം: എസ്‌ഐയ്‌ക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് എസ് ഡിപിഐ നേതാവിനെ അറസ്റ്റുചെയ്തു

പോലിസ് രാജ് നടപ്പാക്കാനുള്ള ശ്രമം യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് എസ് ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി വ്യക്തമാക്കി. പോലിസ് നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവും

Update: 2020-09-03 17:20 GMT

പാലക്കാട്: കസ്റ്റഡിയില്‍ യുവാക്കളെ ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത പോലിസിന്റെ നടപടിക്കെതിരേ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചതിന്റെ പേരില്‍ പാലക്കാട്ട് എസ് ഡിപിഐ നേതാവിനെ അറസ്റ്റുചെയ്തു. എസ് ഡിപിഐ പിരായിരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് യഹ്‌യയെ ആണ് പോലിസ് അറസ്റ്റുചെയ്തത്. കസ്റ്റഡി മര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്‌ഐ സുധീഷ് കുമാറിനെതിരേ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റുചെയ്തിരിക്കുന്നത്.

ഇന്ന് വൈകീട്ടോടെയാണ് യഹ്‌യയെ പോലിസ് കസ്റ്റഡിയിലെടുത്തത്. ഐടി ആക്ട് അടക്കമുള്ള വകുപ്പുകളാണ് പോലിസ് ചുമത്തിയിരിക്കുന്നത്. പോലിസ് രാജ് നടപ്പാക്കാനുള്ള ശ്രമം യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് എസ് ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി വ്യക്തമാക്കി. പോലിസിന്റെ കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിലാണ് പ്രതികാരനടപടിയുണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നവരെ അറസ്റ്റുചെയ്ത് പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടുപോവുന്നതിന് സമ്മര്‍ദമുണ്ടാക്കാനാണ് പോലിസിന്റെ നീക്കം.

എന്നാല്‍, പോലിസ് നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്ന് എസ് പി അമീര്‍ അലി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 24ന് രാത്രിയാണ് കല്‍പ്പാത്തി ശങ്കുവാരമേടില്‍ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോയ സഹോദരങ്ങളായ ബിലാല്‍(20), അനുജന്‍ അബ്ദുര്‍റഹ്മാന്‍(18) എന്നിവരെ് പാലക്കാട് നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്ത് ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനു നേരെയുണ്ടായ അക്രമക്കേസില്‍ പ്രതിയാണെന്നു സംശയമുണ്ടെന്നു പറഞ്ഞ് വീട്ടില്‍ക്കയറി പിടിച്ചുകൊണ്ടുപോയ ശേഷമായിരുന്നു ക്രൂരമര്‍ദ്ദനം.

ഇരുവരെയും ബൂട്ടിട്ട് ചവിട്ടുകയും നഗ്നനാക്കി ലിംഗത്തില്‍ ലാത്തികൊണ്ട് അടിക്കുകയും കുരുമുളക് സ്പ്രേ പ്രയോഗിച്ചതായും അബ്ദുര്‍റഹ്മാന്‍ പറഞ്ഞിരുന്നു. രണ്ടു പോലിസുകാര്‍ തുടയ്ക്കു മുകളില്‍ കയറിയിരുന്ന് എസ്‌ഐ കാലിനടിയില്‍ ചൂരല്‍കൊണ്ട് അടിച്ചു. ലിംഗത്തില്‍ ഷോക്കടിപ്പിച്ച് പ്രത്യുല്‍പ്പാദനശേഷി ഇല്ലാതാക്കുമെന്നും നിന്റെയൊക്കെ കൂമ്പ് കലക്കുമെന്നും പോലിസ് പറഞ്ഞു. ആര്‍എസ്എസ്സുകാരെ ആക്രമിച്ചത് എന്തിനാണെന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം.

മുസ് ലിംകള്‍ ഈ നാട്ടില്‍ ജീവിക്കേണ്ടെന്നും നീയൊരു മുസ് ലിം കുഞ്ഞിന് ജന്‍മം കൊടുക്കേണ്ടവനല്ലെന്നും പറഞ്ഞായിരുന്നു പോലിസിന്റെ മര്‍ദ്ദനമെന്നും യുവാക്കള്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കസ്റ്റഡി മര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്‌ഐയെ സര്‍വീസില്‍നിന്ന് പിരിച്ചുവിടണമെന്നും അറസ്റ്റുചെയ്യണമെന്നുമാവശ്യപ്പെട്ട് വ്യാപകപ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് പ്രതികാരനടപടിയുമായി പോലിസ് രംഗത്തെത്തിയിരിക്കുന്നത്. 

Tags:    

Similar News