പാലക്കാട് കസ്റ്റഡി പീഡനം: എസ്ഐ സുധീര്‍കുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് എസ്പി ഓഫിസിലേക്ക് എസ് ഡിപിഐ മാര്‍ച്ച്

പരിഷ്‌കൃതസമൂഹത്തിന് ചേരാത്ത പീഡനവും മൂന്നാം മുറയുമാണ് വിദ്യാര്‍ഥികള്‍ക്കെതിരേ നടത്തിയതെന്നും പോലിസിന്റെ ക്രിമിനല്‍വല്‍ക്കരണവും വര്‍ഗീയവല്‍ക്കരണവും നമ്മുടെ നാടിനെ അപകടപ്പെടുത്തുകയാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എസ് ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ എസ് ഖാജാ ഹുസൈന്‍ പറഞ്ഞു.

Update: 2020-08-29 09:23 GMT

പാലക്കാട്: നോര്‍ത്ത് പോലിസ് സ്‌റ്റേഷനില്‍ വിദ്യാര്‍ഥികളെ അതിക്രൂരമായി മര്‍ദിക്കുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്ത എസ്ഐ സുധീഷ് കുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് എസ് ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്പി ഓഫിസ് മാര്‍ച്ച് നടത്തി. പരിഷ്‌കൃതസമൂഹത്തിന് ചേരാത്ത പീഡനവും മൂന്നാം മുറയുമാണ് വിദ്യാര്‍ഥികള്‍ക്കെതിരേ നടത്തിയതെന്നും പോലിസിന്റെ ക്രിമിനല്‍വല്‍ക്കരണവും വര്‍ഗീയവല്‍ക്കരണവും നമ്മുടെ നാടിനെ അപകടപ്പെടുത്തുകയാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എസ് ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ എസ് ഖാജാ ഹുസൈന്‍ പറഞ്ഞു.


 ആര്‍എസ്എസ്സിന്റെ വംശീയ അജണ്ടകള്‍ നടപ്പാക്കാനുള്ള പീഡനകേന്ദ്രങ്ങളായി കേരളത്തിലെ പോലിസ് സ്‌റ്റേഷനുകള്‍ മാറിയിരിക്കുന്നു. പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ നടന്ന പ്രാകൃതമായ മൂന്നാംമുറയും വംശീയ അധിക്ഷേപവും ഇതാണ് വ്യക്തമാക്കുന്നത്. പോലിസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളായ ബിലാല്‍, അബ്ദുറഹ്മാന്‍ എന്നിവരെ എസ്‌ഐയും സംഘവും മനുഷ്യത്വരഹിതമായ നിലയില്‍ മൂന്നാംമുറയ്ക്ക് വിധേയമാക്കുകയായിരുന്നു. ബിലാലിന്റെ ജനനേന്ദ്രിയത്തില്‍ മുളക് സ്പ്രേ അടിച്ച ശേഷം കത്തിക്കുകയും ശരീരത്തില്‍ ഷോക്ക് ഏല്‍പ്പിക്കുകയും ചെയ്തു. ഇനി നീ മുസ്ലിംകള്‍ക്ക് ജന്‍മം നല്‍കരുതെന്ന് ആക്രോശിച്ചുകൊണ്ടാണ് പീഡിപ്പിച്ചത്.


 സഹഹോദരന്‍ അബ്ദുറഹ്മാനെയും സമാനപീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. അബ്ദുറഹ്മാന്‍ അപകടനില ഇപ്പോഴും തരണംചെയ്തിട്ടില്ല. നട്ടെല്ലിനേറ്റ ക്ഷതം ഗുരുതരമാണെന്നാണ് അറിയുന്നത്. വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ പീഡിപ്പിക്കാന്‍ നേതൃത്വം നല്‍കിയ പാലക്കാട് നോര്‍ത്ത് എസ്‌ഐ ടി സുധീഷ് കുമാറിനും ഒപ്പമുണ്ടായിരുന്ന മറ്റ് പോലിസുകാര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഖാജാ ഹുസൈന്‍ ആവശ്യപ്പെട്ടു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി എ റഊഫ്, എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് എസ്പി അമീറലി, ജനറല്‍ സെക്രട്ടറി കെടി അലവി എന്നിവര്‍ സംസാരിച്ചു. ശകുന്തള ജങ്ഷനില്‍നിന്നും ആരംഭിച്ച മാര്‍ച്ച് എസ്പി ഓഫിസ് പരിസരത്ത് പോലിസ് തടഞ്ഞു. 

Tags:    

Similar News