പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന്റെ റിമാന്റ് കോടതി നീട്ടി;ആശുപത്രിയില്‍ തുടരും
14 ദിവസം കൂടിയാണ് മൂവാറ്റു പുഴ വിജിലന്‍സ് കോടതി ഇബ്രാഹിംകുഞ്ഞിന്റെ റിമാന്റ് കാലാവധി നീട്ടിയത്.അര്‍ബുദ രോഗബാധിതനായ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.ഈ ആശുപത്രിയില്‍ തന്നെ ഇബ്രാംഹിംകുഞ്ഞ് റിമാന്റില്‍ തുടരും
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ റിമാന്റ് കാലാവധി കോടതി നീട്ടി.14 ദിവസം കൂടിയാണ് മൂവാറ്റു പുഴ വിജിലന്‍സ് കോടതി ഇബ്രാഹിംകുഞ്ഞിന്റെ റിമാന്റ് കാലാവധി നീട്ടിയത്.അര്‍ബുദ രോഗബാധിതനായ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.ഈ ആശുപത്രിയില്‍ തന്നെ ഇബ്രാംഹിംകുഞ്ഞ് റിമാന്റില്‍ തുടരും.ഇന്ന് റിമാന്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് റിമാന്റ് വീണ്ടും 14 ദിവസം കൂടി തുടരണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്.തുടര്‍ന്ന് റിപോര്‍ട് പരിഗണിച്ച കോടതി ഇബ്രാഹിംകുഞ്ഞിന്റെ റിമാന്റ് ഈ മാസം 16 വരെ നീട്ടുകയായിരുന്നു.ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യവും വിജിലന്‍സ് കോടതിയെ അറിയിച്ചു.
കേസിലെ അഞ്ചാം പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ കഴിഞ്ഞ മാസം 18 നാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്.ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആശുപത്രി മാറ്റുന്നത് കൂടുതല്‍ ഗുരുതരമാക്കുമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശം മുന്‍ നിര്‍ത്തി വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.തുടര്‍ന്ന് ആശുപത്രി മാറ്റം അടക്കമുള്ളവയില്‍ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശ പ്രകാരം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്തിയിരുന്നു. അര്‍ബുദ രോഗ ബാധിതനായ ഇബ്രാഹിംകുഞ്ഞിനെ നിലവിലെ ആശുപത്രിയില്‍ നിന്നും മാറ്റാന്‍ പാടില്ലെന്നും അദ്ദേഹം കീമോ തെറാപ്പിക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതാണെന്നും മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം തള്ളി ഒരു ദിവസം ആശുപത്രിയില്‍ വെച്ച് ഉപാധികളോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കിയത്. ഇത് പ്രകാരം ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു.ഇതിനു ശേഷമാണ് വീണ്ടും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യമെന്ന ആവശ്യം വിജിലന്‍സ് മുന്നോട്ടു വെച്ചിരിക്കുന്നത്.നേരത്തെ ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇതും കോടതി തള്ളിയിരുന്നു.വീണ്ടും ജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.