പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയില്‍ എത്തി അറസ്റ്റു രേഖപെടുത്തുകയായിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ആശുപത്രിയില്‍ ചികില്‍യിലായതിനാല്‍ ഓണ്‍ലൈന്‍ വഴിയായിരിക്കും കോടതിയില്‍ ഹാജരാക്കുകയെന്നാണ് സൂചന
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ വിജിലന്‍സ് അറസ്റ്റു ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയില്‍ എത്തി അറസ്റ്റു രേഖപെടുത്തുകയായിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.
ഇന്ന് രാവിലെ 8.30 ഓടെവിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ എത്തിയെങ്കിലും അദ്ദേഹം അവിടെയില്ലെന്നും ഇന്നലെ വൈകിട്ടു മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നുമാണ് വീട്ടുകാര്‍ വിജിലന്‍സിന് നല്‍കിയ വിവരം.തുടര്‍ന്ന് വിജിലന്‍സിന്റെ ഒരു സംഘം വീട്ടില്‍ പരിശോധന നടത്തി ഇതിനിടയില്‍ മറ്റൊരു സംഘം ആശുപത്രി അധികൃതരോട് വിവരങ്ങള്‍ തേടി ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തി.തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയ സംഘം മടങ്ങുകയും മറ്റൊരു സംഘം ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തു.
ഇതിനിടയില്‍ അറസ്റ്റ് മുന്നില്‍കണ്ട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കാന്‍ നീക്കം നടത്തിയെങ്കിലും കോടതിയില്‍ ഇത് ഫയല്‍ ചെയ്യുന്നതിനു മുമ്പു തന്നെ വിജിലന്‍സ് സംഘം ആശുപത്രിയില്‍ എത്തി.തുടര്‍ന്ന് ആശുപത്രി അധികൃതരുമായി കൂടിക്കാഴ്ച നടത്തി ഇബ്രാഹിംകുഞ്ഞിന്റെ രോഗ വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞ് ഉറപ്പു വരുത്തിയതിനു ശേഷം ഇബ്രാഹിംകുഞ്ഞ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മുറിയിലെത്തിയ 10.25 ഓടെ വിജിലന്‍സ് സംഘം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
അറസ്റ്റു രേഖപെടുത്തിയെങ്കിലും ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം.ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ചികില്‍സ തുടരേണ്ടത് അനിവാര്യമാണെന്നാണ് ആശുപത്രി അധികൃതര്‍ വിജിലന്‍സ് സംഘത്തെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മുഖേയാകും ഇബ്രാഹിംകുഞ്ഞിനെ കോടതിയില്‍ ഹാജരാക്കുകയെന്നും സുചനയുണ്ട്.അതേ സമയം വിജിലന്‍സിന്റെ അറസ്റ്റ് നീക്കം ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞ് ഇന്നലെ ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നും പറയപ്പെടുന്നു.
പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുന്‍ സെക്രട്ടി ടി ഒ സൂരജ്, ആര്‍ഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്കോയുടെ ജനറല്‍ മാനേജറായിരുന്ന ബെന്നി പോള്‍, നിര്‍മാണ മേല്‍നോട്ടചുമതലയുണ്ടായിരുന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ്‌കോര്‍പറേഷന്‍(ആര്‍ബിഡിസികെ) അഡീഷണല്‍ ജനറല്‍ മാനേജരായിരുന്ന എം ഡി തങ്കച്ചന്‍ എന്നിവരെ 2019 ആഗസ്ത് 30 ന് വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു.തുടര്‍ന്ന് റിമാന്റിലായിരുന്നു ഇവര്‍ രണ്ടു മാസത്തോളം ജയിലില്‍ കിടന്നതിനു ശേഷം 2019 നവംബറില്‍ ജാമ്യത്തിലിറങ്ങിയിരുന്നു.ഇവരെ അറസ്റ്റു ചെയ്തിരുന്ന സമയത്ത് തന്നെ അഴിമതിയുമായി ബന്ധപ്പെട്ട് വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു.
വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമായിരുന്നു കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ടി ഒ സൂരജ് വിജിലന്‍സ് സംഘത്തെ അറിയിച്ചിരുന്നു.തുടര്‍ന്ന് ഇബ്രാഹിംകുഞ്ഞിനെയും വിജിലന്‍സ് പല വട്ടം ചോദ്യം ചെയ്തിരുന്നു.ജാമ്യത്തിലിറങ്ങിയതിനു ശേഷവും വിജിലന്‍സ് സംഘം ടി ഒ സൂരജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഈ സമയത്തും ഇബ്രാഹിംകുഞ്ഞിനെതിരായ നിലപടില്‍ ടി ഒ സൂരജ് ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതിനു ശേഷവും ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപെടുത്തിയിരിക്കുന്നത്