പാലാരിവട്ടം അഴിമതി: ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് ഇന്ന് പരിശോധിക്കും
എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിയോഗിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡാണ് പരിശോധന നടത്തുക. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയാണ് അധ്യക്ഷ.
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മാനസിക, ശാരീരിക, ആരോഗ്യനില ഇന്ന് പരിശോധിക്കും. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിയോഗിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡാണ് പരിശോധന നടത്തുക. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയാണ് അധ്യക്ഷ. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുമ്പ് പരിശോധനാ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ജനറല്‍ ആശുപത്രിയിലെ അഞ്ച് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ബോര്‍ഡ് അംഗങ്ങളാണ്. വിജിലന്‍സ് അറസ്റ്റുചെയ്യുന്നതിന് മുമ്പ് ആശുപത്രിയിലായ ഇബ്രാംഹിംകുഞ്ഞിന്റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിന് വിജിലന്‍സ് കോടതിയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശിച്ചത്. ഇവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുക. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇബ്രാഹിംകുഞ്ഞ്.