പാലാരിവട്ടം അഴിമതി: വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍
അഴിമതിക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്.
കൊച്ചി: പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് സംഘമെത്തി. അഴിമതിക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റുചെയ്യാനാണ് സംഘമെത്തിയതെന്ന് അഭ്യൂഹം പരക്കുന്നുണ്ട്. പോലിസും ഇവിടെ എത്തിയിട്ടുണ്ട്.
എന്നാല്‍, വീട്ടില്‍ ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യ മാത്രമാണുള്ളത്. ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണെന്ന് ഭാര്യ അറിയിച്ചു. വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുകയാണ്. നേരത്തെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മൂന്നുതവണ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുകയും പിന്നീട് പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വിജിലന്‍സുമാണ് കേസ് അന്വേഷിക്കുന്നത്.