പാലാരിവട്ടം മേല്‍പാലം വിജിലന്‍സ് വീണ്ടും പരിശോധിച്ചു ; വിശദമായ സാമ്പിള്‍ പരിശോധന നടത്തുമെന്ന് വിജിലന്‍സ് ഐജി

വിദഗ്ദരില്‍ നിന്നും വിശദമായി തന്നെ അഭിപ്രായം ശേഖരിക്കും.അതിനു ശേഷം പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും തുടര്‍ നടപടികള്‍ നടത്തുകയും ചെയ്യുമെന്നും വിജിലന്‍സ് ഐജി വ്യക്തമാക്കി

Update: 2019-07-09 08:18 GMT

കൊച്ചി: നിര്‍മാണത്തിലെ അപാകതയെതുടര്‍ന്ന് അടച്ചിട്ട പാലാരിവട്ടം മേല്‍പാലത്തില്‍ വിജിലന്‍സ് സംഘം വീണ്ടും പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിന്റെ ഭാഗമായിട്ടാണ് വിജിലന്‍സ് ഐ ജി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘം പാരാരിവട്ടം പാലത്തില്‍ വീണ്ടും പരിശോധന നടത്തി സാമ്പിള്‍ ശേഖരണം നടത്തിയത്.പാലം നിര്‍മാണത്തില്‍ ഗുതരമായ ക്രമക്കേടും അപാകതയും നടന്നതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ റിപോര്‍ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍,കിറ്റ്കോ,നിര്‍മാണം കരാറിനെടുത്ത കമ്പനിയുടെ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 17 പേര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശ. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുന്നതിനായി ദേശീയപാത വിഭാഗം എന്‍ജിനീയര്‍മാരുടെ ഉന്നതാധികാര സമിതിയായ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായം വിജിലന്‍സ് നേരത്തെ തേടിയിരുന്നു. ഇതേ തുടര്‍ന്ന് റോഡ് കോണ്‍ഗ്രസ് അംഗമായ ഭൂപീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം പാലത്തില്‍ പരിശോധന നടത്തിയിരുന്നു.പാലത്തിന്റെ നിലവിലെ അവസ്ഥ വളരെ ഗുരുതരമാണെന്ന് ഭൂപീന്ദര്‍ സിങ്ങ് പറഞ്ഞു. പാലത്തില്‍ സാമ്പിള്‍ എടുക്കേണ്ട സ്ഥലങ്ങള്‍ റോഡ് കോണ്‍ഗ്രസ് പ്രതിനിധികള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടം വിജിലന്‍സ് പാലം സന്ദര്‍ശിച്ച് സാമ്പിള്‍ ശേഖരണം നടത്തിയത്.

വിശദമായ സാമ്പിള്‍ പരിശോധന നടത്തുമെന്ന് വിജിലന്‍സ് ഐ ജി എ്ച് വെങ്കിടേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.വിദഗ്ദരില്‍ നിന്നും വിശദമായി തന്നെ അഭിപ്രായം ശേഖരിക്കും.അതിനു ശേഷം പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും തുടര്‍ നടപടികള്‍ നടത്തുകയും ചെയ്യുമെന്നും വിജിലന്‍സ് ഐജി വ്യക്തമാക്കി. പാലാരിവട്ടം പാലം 2016 ഒക്ടോബറിലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. എന്നാല്‍ 2017 ജൂലൈയില്‍ പാലത്തിന്റെ ഉപരിതലത്തില്‍ കുഴികള്‍ രൂപപ്പെട്ടു. തുടര്‍്ന്ന് തകര്‍ച്ച കൂടിക്കൂടി വന്നതോടെ ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിളളലുകള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം പൊതുമരാമത്ത് വകുപ്പും പിന്നീട് ചെന്നൈ ഐ.ഐടിയും പഠനം നടത്തി. ഇതിനു ശേഷം കഴിഞ്ഞ മെയ് ഒന്നു മുതല്‍ പാലം അടച്ചിടുകയായിരുന്നു. പാലത്തിന്റെ ഡിസൈന്‍ അംഗീകരിച്ചത് മുതല്‍ മേല്‍നോട്ടത്തിലെ പിഴവ് വരെ പാലത്തിന്റെ ബലക്ഷയത്തിന് കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തല്‍. സാങ്കേതികപ്പിഴവാണ് പാലത്തിന്റെ ഉപരിതലത്തില്‍ ടാറിങ് ഇളകിപ്പോകാനും തൂണുകളില്‍ വിള്ളലുണ്ടാക്കാനും ഇടയാക്കിയതെന്ന് ഐഐടിയുടെ റിപോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പാലത്തില്‍ വിദഗ്ദ സംഘം പരിശോധന നടത്തി മുഖ്യമന്ത്രിക്ക് റിപോര്‍ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലം പുതിക്കി പണിയണമെന്നും ഇതിനായി 10 മാസം സമയം വേണ്ടിവരുമെന്നും 18 കോടി ചിലവ് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.42 കോടി രൂപ മുടിക്കിയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാലാരിവട്ടം മേല്‍പാലം നിര്‍മിച്ചത്.നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത് രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പാലം തകരുകയായിരുന്നു.

Tags:    

Similar News