കണ്ണൂരില്‍ പി ജയരാജനെ പിന്തുണച്ച് ലഘുലേഖ; പിന്നില്‍ യുഡിഎഫാണെന്ന് സിപിഎമ്മും ജയരാജനും
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ കണ്ണൂരില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പിന്തുണച്ച് ലഘുലേഖ പ്രചാരണം. ക്യാപ്റ്റനല്ല, നമ്മുടെ സ്വന്തം സഖാവ് എന്ന ശീര്‍ഷകത്തില്‍ പിജെ വിപ്ലവസൂര്യ തേജസ്, പോരാട്ടത്തിന്റെയും അര്‍പ്പണത്തിന്റെയും ചുരുക്കപ്പേര്, നിങ്ങള്‍ എത്രമാത്രം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും അത്രമാത്രം അതിനുമപ്പുറം, വിപ്ലവസൂര്യന്‍ ജ്വലിച്ചുനില്‍ക്കും, നിയമസഭയില്‍ പിജെയുടെ സാന്നിധ്യം പൊതുജനം ആഗ്രഹിച്ചു, സഖാക്കളും ആഗ്രഹിച്ചു തുടങ്ങിയ വാചകങ്ങളടങ്ങിയ ദീര്‍ഘമായ ലഘുലേഖയാണ് പുറത്തുവന്നിരിക്കുന്നത്.
പി ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിന്റെ പേരില്‍ നേരത്തെ പിജെ ആര്‍മിയുടെ പേരില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വിവാദമാവുകയും പാര്‍ട്ടിയില്‍ സജീവചര്‍ച്ചയാവുകയും ചെയ്തതോടെ പിജെ ആര്‍മിയെ തള്ളി പി ജയരാജന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന ലഘുലേഖയ്ക്ക് പിന്നില്‍ യുഡിഎഫ് ആണെന്നാരോപിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റും പി ജയരാജനും രംഗത്തെത്തി.
കഴിഞ്ഞ ദിവസം പിജെ എന്ന പേരിലുള്ള നോട്ടീസുകള്‍ ചില പ്രദേശങ്ങളില്‍ വിതരണം ചെയ്തതായി മനസ്സിലാക്കുന്നുവെന്നും ഇനിയും ഇതുപോലുള്ള വ്യാജ നോട്ടീസുകള്‍ വിതരണം ചെയ്യാന്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതായാണ് അറിയുന്നതെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം ശ്രമങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം. എല്‍ഡിഎഫിന് ലഭിച്ച പൊതു അംഗീകാരം യുഡിഎഫിനെയും ബിജെപിയെയും വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്. തങ്ങളുടെ വോട്ടുപോലും ചോര്‍ന്ന് ഇടതുപക്ഷത്തിന് കിട്ടുമോ എന്ന ആശങ്കയിലാണ് അവര്‍. ഇത്തരമൊരു സാഹചര്യത്തിലാണ് വലതുപക്ഷ ബുദ്ധികേന്ദ്രങ്ങള്‍ പിജെ എന്ന പേരിലും മറ്റും അജ്ഞാത നോട്ടീസുകള്‍ അച്ചടിച്ചിറക്കി ഇടതുപക്ഷ ബന്ധുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തുന്നതെന്നും പി ജെ കുറ്റപ്പെടുത്തി.
കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫിന് ജനങ്ങള്‍ അഭിമാനകരമായ വിജയം സമ്മാനിക്കുമെന്ന് ഉറപ്പായപ്പോള്‍ വ്യാജ നോട്ടീസുകളും പ്രകോപനപരമായ അനൗണ്‍സ്‌മെന്റുകളും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അപവാദപ്രചരണങ്ങളുമായി യുഡിഎഫും ബിജെപിയും രംഗത്തിറങ്ങിയിരിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. വികസനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു വിമര്‍ശനം പോലും ഉന്നയിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നില്ല.
ജനങ്ങള്‍ എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നു. വര്‍ഗീയതക്കെതിരേ ഉറച്ച മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷമാണ് തങ്ങളുടെ രക്ഷയെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞു. പരാജയഭീതി മൂലം പലയിടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍വേണ്ടിയുള്ള പ്രചാരവേല അവസാനഘട്ടത്തില്‍ യുഡിഎഫും, ബിജെപിയും ആരംഭിച്ചിരിക്കുകയാണെന്ന് ജില്ലാ സെക്രട്ടേറിയറ്റ് കൂട്ടിച്ചേര്‍ത്തു.