എറണാകുളം പിടിക്കാന്‍ കച്ചമുറുക്കി മുന്നണികള്‍; സ്ഥാനാര്‍ഥികളെ കാത്ത് മണ്ഡലം
യുഡിഎഫിന് കെ വി തോമസ് അല്ലെങ്കില്‍ ഹൈബി ഈഡന്‍.എല്‍ഡിഎഫിന് രാജീവ്.പ്രഖ്യാപനം നാളെയുണ്ടാകും.എന്‍ഡിഎയില്‍ സീറ്റ് ബിഡിജെഎസിന് .എസ്ഡിപിഐയുടെ വി എം ഫൈസല്‍ ആദ്യ ഘട്ട പ്രചരണം പൂര്‍ത്തിയാക്കി.
കൊച്ചി:ലോക്‌സഭാ തിരഞ്ഞെടുപ്പ് വിഞ്ജാപനം ഇറങ്ങിയിട്ടില്ലെങ്കിലും രാജ്യം തിരഞ്ഞെടുപ്പിന് സജ്ജമായികഴിഞ്ഞുവെന്ന് വ്യക്തമാക്കിക്കൊണ്ട് മുന്നണികള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലെ യുഡിഎഫിന്റെ ഉറച്ച കോട്ടകളിലൊന്നാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന എറണാകുളത്ത് ഇത്തവണ ആരായിരിക്കും എല്‍ഡിഎഫിനെയും യുഡിഎഫിനെയും പ്രതിനിധീകരിച്ചെത്തുകയെന്നത് സംബന്ധിച്ച് ഏതാനും ആഴ്ചകളായി ചൂടേറിയ ചര്‍ച്ചയാണ് നടക്കുന്നത്.നിലവിലെ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫ കെ വി തോമസ് തന്നെയാകും ഇത്തവണയും യുഡിഎഫ്്സ്ഥാനാഥിയായി എത്തുകയെന്നാണ് ഇവിടെ പൊതുവെയുള്ള വിലയിരുത്തലെങ്കിലും പൂര്‍ണമായും ഉറപ്പിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട്.
താന്‍ തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ഥിയാകുകയെന്ന നിലയില്‍ കെ വി തോമസ് ഒരു വര്‍ഷം മുമ്പു തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍് തുടങ്ങിയിരുന്നു.എന്നല്‍ വീണ്ടും കെ വി തോമസ് തന്നെ സ്ഥാനാര്‍ഥിയായി എത്തുന്നതിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍ക്കുന്നുണ്ട്്. യുവതലമുറയ്ക്കായി കെ വി തോമസ് വഴി മാറിക്കൊടുക്കണമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. കെ വി തോമസിനു പകരമായി പലരുടെ പേരുകളും ഉയരുന്നുണ്ടെങ്കിലും നിലവിലെ എറണാകുളം എംഎല്‍എയായ ഹൈബി ഈഡന്റെ പേരാണ് മുന്നിലുള്ളത്.എന്നാല്‍ സിറ്റിംഗ് എംഎല്‍എമാര്‍ മല്‍സരിക്കേണ്ടെന്നാണ് നിലവിലെ കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിനു മാറ്റം വന്നാല്‍ മാത്രമെ ഹൈബി ഈഡനു മുന്‍ഗണന ലഭിക്കുകയുള്ളു.ഹൈക്കമാന്‍ഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കെ വി തോമസിനെ മാറ്റി നിര്‍ത്താന്‍ നിലവിലെ സാഹചര്യത്തില്‍ തീരെ സാധ്യതയില്ല.കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് കെ വി തോമസ് വീണ്ടും സ്ഥാനാര്‍ഥിയാകുന്നതിനോട് താല്‍പര്യമില്ലെങ്കിലും എറണാകുളം മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള ക്രൈസ്തവ സമുദായ സഭാ അധ്യക്ഷന്മാര്‍, മുസ് ലിം സമുദായ നേതാക്കള്‍ എന്നിവരുമായി കെ വി തോമസ് അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ്. എസ്എന്‍ഡിപി,എന്‍എസ്എസ് വിഭാഗങ്ങള്‍ക്കും കെ വി തോമസിനോട് എതിര്‍പ്പില്ലെന്നതും അദ്ദേഹത്തിനു ഗുണകരമാകുമെന്നാണ് കെ വി തോമസിനെ അനൂകൂലിക്കുന്നവര്‍ പറയുന്നത്.
സമാന രീതിയിലുള്ള ബന്ധമാണ് ഹൈബി ഈഡനും മണ്ഡലത്തില്‍ ഉള്ളത്്.നിലവിലെ സാഹചര്യത്തില്‍ ഇവരില്‍ രണ്ടു പേര്‍ ആരെങ്കിലുമായിരിക്കും എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തുക. ഇതില്‍ കൂടുതല്‍ സാധ്യത കെ വി തോമസിനു തന്നെയാണ്. 2009 ല്‍ സിപിഎം സ്ഥാനാര്‍ഥി സിന്ധു ജോയിക്കെതിരെ 11,790 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ വി തോമസ് വിജയിച്ചത്.എന്നാല്‍ 2014 ലെ ചിത്രം അല്‍ഭുതപ്പെടുത്തുന്നതായിരുന്നു 87,047 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിന്റെ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെതിരെ കെ വി തോമസ് വിജയം നേടിയത്.കേന്ദ്രമന്ത്രിയെ നിലയിലും രാജ്യത്ത് നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷ പദ്ധതിയുടെ അമരക്കാനായതും കെ വി തോമസിന്റെ ഭൂരിപക്ഷം ഉയരാന്‍ കാരണമായിരുന്നു.എന്നാല്‍ രാഷ്ട്രീയ രംഗത്ത് പരിചിതനല്ലാത്ത ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ സിപിഎമ്മില്‍ വലിയ തോതില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പ്രതിഫലിക്കുകയും ചെയ്തു. കെ വി തോമസ് നല്ല രീതിയില്‍ തന്നെ ഇടതു പക്ഷത്തിന്റെ വോട്ട് പിടിച്ചിരുന്നുവെന്നാണ് ഫലം വ്യക്തമാക്കിയത്.
ഇത്തവണ എറണാകുളം മണ്ഡലത്തില്‍ രാഷ്ട്രീയ പോരാട്ടം നടത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്. അതു കൊണ്ടു തന്നെ മുന്‍ രാജ്യസഭാ എംപിയും സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജീവായിരിക്കും ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എത്തുകയെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.കഴിഞ്ഞ തവണ ഉണ്ടായ പ്രതിഷേധം ഇത്തവണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാകാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ സിപിഎം അവതരിപ്പിക്കുന്നത്.രാജീവ് സ്ഥാനാര്‍ഥിയായി എത്തുന്നതോടെ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ എറണാകുളം മണ്ഡലത്തില്‍ ശക്തമായ പോരാട്ടമായിരിക്കും നടക്കുകയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാഷ്ട്രീയത്തിനേക്കാള്‍ ഉപരി എറണാകുളം മണ്ഡലത്തില്‍ വ്യക്തിയെന്ന നിലയില്‍ സ്വീകാര്യതയുള്ള വ്യക്തിതന്നെയാണ് പി രാജീവ്. ഇതു കണക്കിലെടുത്താണ് ഇത്തവണ രാജിവിനെ തന്നെ കളത്തിലിറക്കാന്‍ സിപിഎം തീരൂമാനിച്ചിരുന്നത്. എറണാകുളം അല്ലെങ്കില്‍ ചാലക്കുടി ഇതിലെവിടെയങ്കിലും രാജീവ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായിരുന്നു. ചാലക്കുടിയാണ് രാജീവിന് കൂടുതല്‍ സാധ്യത കല്‍പിച്ചിരൂന്നതെങ്കിലും ഒടുവില്‍ ചാലക്കുടിയില്‍ ഇന്നസെന്റിനെ തന്നെ വീണ്ടും കളത്തിലിറക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.ഇതോടെയാണ് രാജീവ് എറണാകുളത്ത് മല്‍സരിക്കാന്‍ കളമൊരുങ്ങിയിരിക്കുന്നത്.
എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് ഇത്തവണ എറണാകുളം സീറ്റ്.ബിഡിജെഎസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപകുമാറായിരിക്കും സ്ഥാനാര്‍ഥിയാവുകയെന്നാണ് വിവരം.എസ്ഡിപി ഐ നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് മണ്ഡലത്തില്‍ ദിവസങ്ങള്‍ക്കു മുമ്പേ തിരഞ്ഞെടുപ്പു പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു, എസ്ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസലാണ് ഇത്തവണ മല്‍സരിക്കുന്നത്. സംസ്ഥാനത്ത് ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഏക പാര്‍ടിയും എസ്ഡിപി ഐ ആണ്. കണ്‍വെന്‍ഷന്‍ അടക്കം ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പാര്‍ടി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.പരമാവധി ആളുകളെ നേരില്‍ കണ്ട് വോട്ടു ചോദിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സ്ഥാനാര്‍ഥി വി എം ഫൈസല്‍ പറഞ്ഞു.