ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തേയക്ക് വന്‍ തോതില്‍ പണമൊഴുകുന്നുവെന്ന്; ഇതുവരെ പിടികുടിയത് അഞ്ചു കോടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടും.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ പണത്തിന്റെയും മസില്‍ പവറിന്റെയും സ്വാധീനം വളരെ കുറവ്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടത്തിപ്പിനും നിരീക്ഷണത്തിനുമായി ത്രിതല സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്.മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിന് കൂടുതല്‍ സേനയെ ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ ബോധ്യപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാം.

Update: 2019-03-20 16:24 GMT

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വന്‍ തോതില്‍ പണമൊഴുകുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചു കോടി രൂപ സംസ്ഥാനത്ത് പടികൂടിയതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു ഇതു. സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ പണത്തിന്റെയും മസില്‍ പവറിന്റെയും സ്വാധീനം വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടത്തിപ്പിനും നിരീക്ഷണത്തിനുമായി ത്രിതല സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്. ഐടി, സെയില്‍സ്, പോലിസ്, എക്സൈസ്, കസ്റ്റംസ് വിഭാഗവുമായി ചര്‍ച്ച പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിന് കൂടുതല്‍ സേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 905 പ്രശ്നബാധിത ബൂത്തുകളാണുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ആദ്യഘട്ട നിരീക്ഷത്തില്‍ 700ലധികം ബൂത്തുകളാണ് പ്രശ്ന ബാധിതമായി കണ്ടെത്തിയത്. എന്നാല്‍ പിന്നീട് ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങി അഞ്ചു ജില്ലകളില്‍ മാവോവാദി ഭീഷണി നിലനല്‍ക്കുന്നതിയി കണ്ടെത്തി. ഇതോടെ 149 കമ്പിനി സേനയെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവില്‍ 35 കമ്പനി സേനയുടെ സേവനം സംസ്ഥാനത്ത് ലഭ്യമാണെന്നും അദേഹം പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനമായ കോളജുകള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പാക്കണം. കാംപസില്‍ സ്ഥാനാര്‍ഥികള്‍ പ്രചരണത്തിന് എത്തുന്നത് സാധാരണമെന്നത് പുതിയ അറിവാണ്. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സംസ്‌കാരം മുന്‍ നിര്‍ത്തി കാംപസിലെ തിരഞ്ഞെടുപ്പ് പ്രചരണത്തെ കുറിച്ച് പ്രത്യേകം പഠിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഏത് അളവ് വരെ ഇത് അനുവദിക്കുന്നെന്നു പരിശോധിച്ചേ പറയാനാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശശി തരൂരിന്റെ വൈ ഐ ആം ഹിന്ദു എന്ന പുസ്തകം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം നേരത്തെ തന്നെ ശ്രദ്ധയില്‍പെട്ടിരുന്നു. സംഭവത്തെ കുറിച്ച് പോലിസിനോട് റിപോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി എടുക്കും. അതേസമയം, ശബരിമല വിഷയം തിരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന് പറഞ്ഞട്ടില്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. പ്രസ്താവനകള്‍ തെറ്റായി വ്യാഖാനിക്കപ്പെട്ടതാണ്. എന്നാല്‍ ശബരിമലയെന്ന ക്ഷേത്രത്തേയും അയ്യപ്പനെയും തിരഞ്ഞെടുപ്പിനായി ഉപയോഗിക്കരുത്. മതങ്ങളെയോ ജാതിയേയോ ജാതി ചിഹ്നങ്ങളോ ക്ഷേത്രങ്ങളോ ദൈവങ്ങളെ തിരഞ്ഞടെപ്പ് പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കരുതെന്ന് നേരത്തെയുള്ള ചട്ടമാണ്. ശബരിമലയിലെ യുവതി പ്രവേശനും പ്രശ്നങ്ങളും ഉപയോഗിക്കാം. എന്നാല്‍ അയ്യപ്പന്റെ പടവും പേരും ഉപയോഗിച്ച് തിരഞ്ഞെടുപ്പ പ്രചരണം നടത്തിയാല്‍ കര്‍ശന നടപടികളുണ്ടാകും.

വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച നിലവില്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ടിക്കാറാം പറഞ്ഞു. വാര്‍ത്തകളിലൂടെയാണ് മോറട്ടോറിയം പ്രശ്നം അറിഞ്ഞത്. ചിലപ്പോള്‍ കമ്മിഷന്റെ പരിതിക്കുള്ളില്‍ നിര്‍ത്തേണ്ട വിഷയമാകാത്തതുകൊണ്ടായിരിക്കാം സര്‍ക്കാര്‍ അറിയിക്കാത്തത്. ഫയല്‍ മുന്നിലെത്തിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

വടകര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയെ എതിര്‍ പാര്‍ട്ടികള്‍ വ്യക്തിഹത്യ നടത്തുന്നെന്ന പരാതി കമ്മിഷന് ലഭിച്ചിട്ടുണ്ട്. അത് നിലവില്‍ പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മീണ വ്യക്തമാക്കി.വോട്ടിങ് മെഷിനുകളില്‍ അട്ടിമറി സാധ്യതയുണ്ടൊയെന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു മറുപടി. വോട്ടിങ് മെഷിനുകള്‍ തയറാക്കുന്നതും സൂക്ഷിക്കുന്നതും ബൂത്തുകളിലെത്തിക്കുന്നതുമെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശക്തമായ മേല്‍നോട്ടത്തിലും സുരക്ഷയിലുമാണ്. പുറമേ നിന്നൊരാള്‍ക്ക് ഒരുതരത്തിലുമിടപെടുവാന്‍ സാധിക്കുകയില്ലെന്നും അത്തരം ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ ബോധ്യപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാം. ഇതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളടക്കം തെളിവുകളായി നല്‍കാം. പരാതി ലഭിച്ച് കഴിഞ്ഞാല്‍ 100 മണിക്കൂറിനുള്ള അന്വേഷണം പൂര്‍ത്തിയാക്കി കൃത്യമായി വിവരം പരാതി കാരന് ലഭ്യമാക്കുന്ന വിധത്തിലാണ് പ്രത്യേക് സെല്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

 

Tags:    

Similar News