മലപ്പുറം വിഭജനം: മുസ്ലീം ലീഗ് നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസ് സർക്കാർ തള്ളി
പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം സർക്കാർ തള്ളി. സംസ്ഥാനത്ത് പുതിയ ജില്ല രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്നും മലപ്പുറം ജില്ലയുടെ സമഗ്രമായ വികസനത്തിന് സർക്കാർ നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകിയ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.
തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് വീണ്ടും നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിന് നോട്ടീസ് നല്‍കി. എന്നാൽ പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം സർക്കാർ തള്ളി. ലീഗ് അംഗം കെ എന്‍ എ ഖാദറാണ് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് പുതിയ ജില്ല രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്നും മലപ്പുറം ജില്ലയുടെ സമഗ്രമായ വികസനത്തിന് സർക്കാർ നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകിയ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ജില്ലാ വിഭജനത്തിന് കോൺഗ്രസിനും ലീഗിനും എതിർപ്പില്ലെന്നും മലപ്പുറം ജില്ലയുടെ സമഗ്ര വികസനത്തിന് പുതിയ ജില്ല രൂപീകരിക്കണമെന്നും ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ച കെഎൻഎ ഖാദർ പറഞ്ഞു.
കഴിഞ്ഞയാഴ്ചയും മലപ്പുറം വിഭജനവുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കലിന് നോട്ടീസ് നൽകിയ കെ എൻ എ ഖാദർ പിന്നീട് പിൻമാറിയിരുന്നു. ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിൻമാറ്റം. പുതിയ ജില്ലകളുടെ കാര്യത്തിൽ യുഡിഎഫ് നയപരമായ തീരുമാനമെടുത്ത ശേഷം തുടർ നടപടികൾ മതിയെന്നായിരുന്നു പാർട്ടി നിർദ്ദേശം. തിരൂർ കേന്ദ്രമാക്കി മറ്റൊരു ജില്ല രൂപീകരിക്കണമെന്നും മലപ്പുറം ജില്ല നിലവിൽ നേരിടുന്ന വികസന പ്രശ്നത്തിന് ഇതിലൂടെ മാത്രമേ പരിഹാരമുണ്ടാകൂ എന്നുമായിരുന്നു ലീഗിന്റെ വാദങ്ങൾ.
മലപ്പുറം ജില്ലയുടെ വികസനത്തിനും ഭരണപരമായ സൗകര്യത്തിനും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ല രണ്ടായി വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് കെ എൻ എ ഖാദർ ആവശ്യപ്പെട്ടു. മലപ്പുറം മാത്രമല്ല മൂവാറ്റുപുഴയോ മറ്റോ കേന്ദ്രീകരിച്ച് മറ്റൊരു ജില്ല രൂപീകരിക്കുന്നതും പരിഗണിക്കാമെന്ന് ഖാദർ പറഞ്ഞു. എന്നാൽ പുതിയ ജില്ല രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. മലപ്പുറം ജില്ലയിൽ അടക്കം അധികാര വികേന്ദ്രീകരണം കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗത്തില്‍ മലപ്പുറം ജില്ലാ വിഭജനത്തെ ചൊല്ലി കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഏറ്റുമുട്ടിയിരുന്നു. മുസ് ലിം ലീഗ് നേതാവ് അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദുമാണ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. വിഷയത്തില്‍ എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും ഇക്കാര്യത്തെ കുറിച്ച് കോണ്‍ഗ്രസോ യുഡിഎഫോ ഇതുവരെ ആലോചിട്ടിച്ചില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സാധാരണയായി ജനസംഖ്യാനുപാതത്തിലാണ് പ്ലാന്‍ ഫണ്ട് വിഭജിക്കുക. എന്നാല്‍ മലപ്പുറത്തിനു ജനസംഖ്യയ്ക്ക് അനുപാതമായ ഗുണം കിട്ടുന്നില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ആര്യാടന്‍ പറഞ്ഞു.
എന്നാല്‍, ആര്യാടന്റെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ശ്രദ്ധ ക്ഷണിക്കലില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും കെ എന്‍ എ ഖാദര്‍ എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയില്‍ മലപ്പുറം വിഭജനം സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കലില്‍ നിന്ന് കെഎന്‍എ ഖാദര്‍ പിന്‍മാറിയത് വലിയ വിവാദമായിരുന്നു. നോട്ടീസ് നല്‍കിയിരുന്നെങ്കിലും വിശദീകരണ സമയത്ത് അദ്ദേഹം ഹാജരാവാതിരുന്നത് കോണ്‍ഗ്രസ് കണ്ണുരുട്ടിയതിനാലാണെന്നായിരുന്നു റിപോര്‍ട്ട്.
മലപ്പുറം ജില്ല അനുവദിച്ചത് ഇഎംഎസ് മുഖ്യമന്ത്രിയായ സമയത്താണെന്നും അതേ നിലപാട് തുടരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സമയത്ത് മലപ്പുറം ജില്ലാ വിഭജനം ആവശ്യപ്പെട്ടാല്‍ അനുവദിച്ചേക്കുമെന്നു കരുതിയാണ് പിന്‍മാറ്റമെന്നു ഇടതു സ്വതന്ത്ര എംഎല്‍എ പി വി അന്‍വര്‍ ആരോപിച്ചിരുന്നു. സംഭവം മുസ്‌ലിം ലീഗിലും ഇത് ഏറെ ചര്‍ച്ചയായിരുന്നു. വിഷയം വീണ്ടും നിയമസഭയില്‍ അവതരിപ്പിക്കാന്‍ ലീഗ് പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തെ ചൊല്ലി ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ തര്‍ക്കമുണ്ടായത്. മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് എസ്ഡിപിഐ വര്‍ഷങ്ങള്‍ക്കു മുമ്പേ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനു വേണ്ടി വിവിധ പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ചിരുന്നു. 2015ല്‍ മുസ്‌ലിം ലീഗിന് മുന്‍തൂക്കമുള്ള മലപ്പുറം ജില്ലാ പഞ്ചായത്തും വിഭജനത്തെ അനുകൂലിച്ച് പ്രമേയം പാസാക്കിയിരുന്നു. പാർട്ടിക്കുള്ളിൽ സമ്മർദ്ദം ശക്തമായതോടെയാണ് വിഷയം വീണ്ടും നിയമസഭയിൽ അവതരിപ്പിക്കാൻ ലീഗ് തീരുമാനിച്ചത്.