ട്രെയ്‌നില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത, അന്വേഷണം തുടങ്ങി
കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ കൊല്ലത്ത് എത്തിയ മലബാര്‍ ഏക്‌സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരുടെ ബോഗിയിലായിരുന്നു സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കൊല്ലം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് ഉള്ളില്‍ യാത്രക്കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ കൊല്ലത്ത് എത്തിയ മലബാര്‍ ഏക്‌സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരുടെ ബോഗിയിലായിരുന്നു സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തെക്കുറിച്ച് റെയില്‍വേ പോലിസ് അന്വേഷണം തുടങ്ങി. ഏകദേശം അന്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന ആളെയാണ് ട്രെയിനിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ കായംകുളത്ത് നിര്‍ത്തിയിട്ടപ്പോള്‍ ഇയാളെ ബോഗിയിലുണ്ടായിരുന്ന ഗാര്‍ഡ് കണ്ടിരുന്നു. തുടര്‍ന്ന് കൊല്ലത്ത് എത്തിയപ്പോള്‍ റയില്‍വേ ഗാഡുകള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ നിലത്ത് മുട്ടുന്ന നിലയിലായിരുന്നു.
റെയില്‍വേ പോലിസും റെയില്‍ ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം അഴിച്ച് മാറ്റിയത്. ഉടുത്തിരുന്ന കൈലിയില്‍ തൂങ്ങി മരിച്ചതായിരിക്കും എന്നാണ് പോലിസിന്റെ നിഗമനം. മൃതദേഹം ഇപ്പോള്‍ കൊല്ലം ജില്ലാആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച ആള്‍ ഭിന്നശേഷിക്കാരനാണ്.
ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ ട്രെയിനില്‍ പരിശോധന നടത്തി. ഭിന്നശേഷിക്കാരുടെ ബോഗിയില്‍ മറ്റ് യാത്രക്കാര്‍ ആരുംതന്നെ ഇല്ലായിരുന്നു. ഇയാള്‍ ഏത് സ്‌റ്റേഷനില്‍ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. റെയില്‍വേ സ്‌റ്റേഷനുകളിലെ സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലിസ് നീക്കം.