പാവറട്ടി കസ്റ്റഡി മരണം: ആരോപണവിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍
ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് എട്ടുപേരുടെയും വീടുകളിലെത്തി അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ആരും ഹാജരായില്ല. ഇവരുടെ ഫോണുകളുംള്‍ ഇപ്പോള്‍ ഓഫാക്കിയ നിലയിലാണ്. ഇതോടെയാണ് മുഴുവന്‍ പേരും ഒളിവില്‍ പോയതായി പോലിസിന് മനസ്സിലായത്.
തൃശൂര്‍: പാവറട്ടിയില്‍ കഞ്ചാവുമായി പിടിയിലായ പ്രതി രഞ്ജിത്ത് എക്‌സൈസ് കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ ആരോപണവിധേയരായ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയി. രഞ്ജിത്തിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫിസര്‍മാരായ വി എ ഉമ്മര്‍, എം ജി അനൂപ്കുമാര്‍, അബ്ദുല്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിധിന്‍ എം മാധവന്‍, വി എം സ്മിബിന്‍, എം ഒ ബെന്നി, മഹേഷ്, എക്‌സൈസ് ഡ്രൈവര്‍ വി ബി ശ്രീജിത്ത് എന്നിവരാണ് ഒളിവില്‍ പോയത്.
അഡീഷനല്‍ എക്‌സൈസ് കമ്മീഷണറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണര്‍ ഇവരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുമെന്ന് സൂചന ലഭിച്ചതോടെയാണ് ഇവര്‍ ഒളിവില്‍ പോയത്. ജീപ്പില്‍വച്ച് മര്‍ദനത്തിന് നേതൃത്വം നല്‍കിയ രണ്ട് ഉദ്യോഗസ്ഥരാണ് ആദ്യം ഒളിവില്‍ പോയിരുന്നത്. ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് എട്ടുപേരുടെയും വീടുകളിലെത്തി അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ആരും ഹാജരായില്ല. ഇവരുടെ ഫോണുകളുംള്‍ ഇപ്പോള്‍ ഓഫാക്കിയ നിലയിലാണ്. ഇതോടെയാണ് മുഴുവന്‍ പേരും ഒളിവില്‍ പോയതായി പോലിസിന് മനസ്സിലായത്.
രണ്ടുപേരാണ് രഞ്ജിത്തിനെ മര്‍ദിച്ചതെങ്കിലും സംഘത്തിലുണ്ടായിരുന്ന മുഴുവന്‍ പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പോലിസിന്റെ നീക്കം. ചോദ്യംചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നീട് പ്രതികളില്‍ ആരെയെങ്കിലും പോലിസ് മാപ്പുസാക്ഷിയാക്കിയേക്കും. ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേ വെള്ളിയാഴ്ച പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. അതിനിടെ, മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയതായാണ് വിവരം. ഗുരുവായൂര്‍ എസിപി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.