കലക്ടര്‍ നിര്‍ദേശിച്ച വിലനിലവാരപ്പട്ടികയില്‍ അപാകത; പയ്യോളി മത്സ്യമാര്‍ക്കറ്റ് അടച്ചിടുമെന്ന് തൊഴിലാളികള്‍

മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കു കൂടി അംഗീകരിക്കാവുന്ന രീതിയിലേക്ക് മൊത്ത വിലനിലവാരം ഏകീകരിക്കണമെന്ന് പയ്യോളി മത്സ്യ മാര്‍ക്കറ്റ് കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Update: 2020-04-08 14:13 GMT
കലക്ടര്‍ നിര്‍ദേശിച്ച വിലനിലവാരപ്പട്ടികയില്‍ അപാകത; പയ്യോളി മത്സ്യമാര്‍ക്കറ്റ് അടച്ചിടുമെന്ന് തൊഴിലാളികള്‍

പയ്യോളി: കലക്ടര്‍ നിര്‍ദേശിച്ച വിലനിലവാരപ്പട്ടികയില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് പയ്യോളി മത്സ്യ മാര്‍ക്കറ്റ് അടച്ചിടാന്‍ തൊഴിലാളി കോ: ഓഡിനേഷന്‍ കമ്മിറ്റി തീരുമാനം. ഹാര്‍ബറുകളില്‍ 340 മുതല്‍ 400 രൂപ വരെ വിലയില്‍ വില്‍ക്കുന്ന മല്‍സ്യങ്ങള്‍ മാര്‍ക്കറ്റില്‍ 300 രൂപക്ക് വില്‍ക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.

മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കു കൂടി അംഗീകരിക്കാവുന്ന രീതിയിലേക്ക് മൊത്ത വിലനിലവാരം ഏകീകരിക്കണമെന്ന് പയ്യോളി മത്സ്യ മാര്‍ക്കറ്റ് കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

വില വത്യാസം മൂലം മാര്‍ക്കറ്റ് തൊഴിലാളികള്‍ക്ക് മത്സ്യം വാങ്ങാന്‍ കഴിയാത്തതിനാല്‍ ഇന്ന് മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യ മാര്‍ക്കറ്റ് അടച്ചിടാന്‍ തൊഴിലാളികള്‍ ഐക്യകണ്‌ഠേന തീരുമാനമെടുത്തു.

മത്സ്യത്തിന് ഏകീകൃത വില നിലവാരം നടപ്പിലാക്കുമ്പോള്‍ എല്ലാ ഹാര്‍ബറുകളിലും ഒരേ വിലനിലവാരം നടപ്പില്‍ വരുത്തണമെന്നും, അല്ലാത്തപക്ഷം മത്സ്യ മാര്‍ക്കറ്റുകളില്‍ ഏകീകൃത വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നും ഉത്തരവാദപ്പെട്ടവരെ അറിയിക്കാന്‍ മാര്‍ക്കറ്റ് പ്രതിനിധികള്‍ തീരുമാനിച്ചു. സംസ്ഥാനത്തുടനീളം ഫ്രോസണ്‍ മത്സ്യവില്‍പന തടയണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ജോലിയില്ലാതെ ദുരിതത്തിലായ മത്സ്യ മാര്‍ക്കറ്റു തൊഴിലാളികളെ ഗവണ്‍മെന്റിന്റെ സഹായ നടപടികളില്‍ ഉള്‍പ്പെടുത്തണം. റോഡരികിലെ അനധികൃത മത്സ്യ കച്ചവടങ്ങള്‍ തടയണമെന്നും മാര്‍ക്കറ്റ് കമ്മിറ്റി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അമിത വില ഈടാക്കിയതിന് ഒരു തൊഴിലാളിക്കെതിരേയും നടപടി എടുത്തിട്ടില്ല.

മറിച്ചുള്ള പ്രചരണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും കമ്മിറ്റി അറിയിച്ചു. ഫ്രോസണ്‍ മത്സ്യങ്ങള്‍ വില്‍ക്കുന്നത് മുമ്പ് തന്നെ മാര്‍ക്കറ്റില്‍ നിരോധിച്ചതാണെന്നും കമ്മിറ്റി ഭാരവാഹികളായ ടി മുസ്തഫ, ടി പി.സിദ്ദീഖ്, തൈക്കണ്ടി ദിനേശന്‍, കെ വി മജീദ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

Tags:    

Similar News