ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് മന്ത്രി; റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു
തിരുവനന്തപുരം:റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം പിൻവലിച്ചു. വേതന പാക്കേജ് അംഗീകരിക്കുക എന്ന ആവശ്യം ഭക്ഷ്യമന്ത്രി അനിൽകുമാർ അംഗീകരിച്ചതിനേ തുടർന്നാണ് സമരം പിൻവലിച്ചത്. വേതന പക്കേജ് പരിഷ്കരിക്കുക, ഇൻസെൻ്റീവ് കൃത്യമായി നൽകുക, ക്ഷേമനിധി ആവശ്യങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ പരിഹരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
റേഷൻ വ്യാപാരികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പഠിക്കാൻ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപോർട്ട് പഠിച്ച് വിഷയത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്താം എന്ന് മന്ത്രി നൽകിയ ഉറപ്പിനു പുറത്താണ് സമരം പിൻവലിക്കൽ. സമരവുമായി മുന്നോട്ടു പോവുകയാണെങ്കിൽ റേഷൻ കട പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള മാർഗവുമായി മുന്നോട്ടു പോകുമെന്ന് സർക്കാർ പറഞ്ഞിരുന്നു . എന്നാൽ ഭീഷണിപ്പെടുത്തിയാലൊന്നും തങ്ങൾ പുറകോട്ട് പോകില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം നിർത്തില്ലെന്നും വ്യാപാരികൾ അറിയിച്ചിരുന്നു. ഇതിനേ തുടർന്നാണ് ഇന്നുച്ചയ്ക്ക് ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചത്.