തിരുവനന്തപുരം: സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ മുഖേന നല്‍കുന്ന അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ തുക 1,300 രൂപയായി വര്‍ധിപ്പിച്ചു. പെന്‍ഷന് അര്‍ഹതയ്ക്കുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി ഒരുലക്ഷം രൂപയായും വര്‍ധിപ്പിച്ചു. നിലവില്‍ 20,000 രൂപയായിരുന്നു വരുമാനപരിധി. വരുമാനപരിധി ഉയര്‍ത്തുന്നതോടെ കൂടുതല്‍ കായികതാരങ്ങള്‍ പെന്‍ഷന് അര്‍ഹത നേടും. 70 വയസ്സിനു മേല്‍ 1100 രൂപ, 60 മുതല്‍ 70 വരെ 850 രൂപ, 55 മുതല്‍ 60 വരെ 600 രൂപ എന്ന ക്രമത്തിലാണ് നിലവില്‍ പെന്‍ഷന്‍ നല്‍കിയിരുന്നത്. 55 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നിലവിലെ നിരക്ക് തുടരും. പുതിയ പെന്‍ഷനുള്ള അര്‍ഹതാ മാനദണ്ഡത്തില്‍ അപേക്ഷകന്റെ പ്രായം 60 വയസ്സില്‍ കുറയരുതെന്ന് നിശ്ചയിക്കാന്‍ തീരുമാനിച്ചു.
അവശ കായിക പെന്‍ഷന്‍ വാങ്ങുന്നവര്‍ മറ്റു സാമൂഹിക പെന്‍ഷനുകള്‍ കൈപ്പറ്റുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) വഴി ആധാര്‍ബന്ധിതമായി വിതരണം നടത്താനും നിശ്ചയിച്ചു. സ്‌പോട്‌സ് കൗണ്‍സില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. പെന്‍ഷന് പുതിയ അപേക്ഷകള്‍ ക്ഷണിക്കാനും കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ നല്‍കാനും നടപടി സ്വീകരിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. ഇതിനായി, പെന്‍ഷന്‍ കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.