കോടികള്‍ വിലവരുന്ന മരങ്ങള്‍ മുറിക്കാന്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന് അനുമതി; വകുപ്പ്തല നടപടിക്ക് ശുപാര്‍ശ
സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് ചിന്നക്കനാല്‍ വില്ലേജ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് മറച്ചുവച്ച് ഡിഎഫ്ഒ ദേവികുളം റേഞ്ച് ഓഫിസര്‍ക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് വിവാദ മരം മുറിക്കലിന് അനുമതി നല്‍കിയത്.
ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കോടികള്‍ വിലവരുന്ന മരങ്ങള്‍ മുറിക്കാന്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന് വനം വകുപ്പ് അനുമതി നല്‍കിയ സംഭവത്തില്‍ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ. ദേവികുളം സബ്കലക്ടര്‍ ശുപാര്‍ശ അടങ്ങുന്ന റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കി. കോടതിയില്‍ കേസ് നടക്കുന്ന ഭൂമിയിലെ മരങ്ങള്‍ മുറിച്ച് പെരുമ്പാവൂരില്‍ എത്തിച്ച് വില്‍പ്പന നടത്തിയത് വിവാദമായതിനെത്തുടര്‍ന്ന് തിങ്കളാഴ്ച്ച മുതല്‍ മരം മുറിക്കല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ കുറ്റക്കാരായ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും, വനംവകുപ്പിന്റെ കോതമംഗലം തലക്കോട് ചെക്ക്പോസ്റ്റ് വഴി കടത്തിക്കൊണ്ടുപോയ മരത്തിന്റെയും, വിവാദ ഭൂമിയില്‍ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെയും കൃത്യമായ കണക്കെടുക്കുവാനും, മരവില നിര്‍ണ്ണയിച്ച് ആ തുക ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും ഈടാക്കി തര്‍ക്കം നിലനില്‍ക്കുന്ന അധികാരപ്പെട്ട കോടതിയില്‍ അടപ്പിക്കുന്നതിനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തതായി ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍ പറഞ്ഞു. സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് ചിന്നക്കനാല്‍ വില്ലേജ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് മറച്ചുവച്ച് ഡി.എഫ്.ഒ ദേവികുളം റേഞ്ച് ഓഫിസര്‍ക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് വിവാദ മരം മുറിക്കലിന് അനുമതി നല്‍കിയത്.
എസ്റ്റേറ്റിലെ യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിക്കുന്നതിന് ഹാരിസണ്‍ അധികൃതര്‍ അനുമതി തേടിയിട്ടുണ്ടെന്നും, സ്ഥലത്തിന്റെ സ്ഥിതി എന്ത്, പട്ടയം ആരുടെ പേരില്‍, സ്ഥലത്ത് സര്‍ക്കാരിന് എന്തെങ്കിലും പ്രത്യേക അധികാരമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ 13 ന് മൂന്നാര്‍ ഡി.എഫ്.ഒ. ചിന്നക്കനാല്‍ വില്ലേജ് ഓഫിസര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 15ന് വില്ലേജ് ഓഫിസര്‍ ഡി.എഫ്.ഒയ്ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കി.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ കരം സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുള്ളതാണെന്നതും അടക്കം വിശദമായ റിപ്പോര്‍ട്ട് ആയിരുന്നു നല്‍കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ മറച്ച് വച്ചുകൊണ്ട്, വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ട് പ്രകാരം സ്ഥലം ഹാരിസണ്‍ മലയാളം ലിമിറ്റഡ് വകയാണെന്നും, നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ പാസുകള്‍ നല്‍കാവുന്നതാണെന്നും 24 ന് മൂന്നാര്‍ ഡി.എഫ്. ഒ ദേവികുളം റേഞ്ച് ഓഫിസര്‍ക്ക് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഞ്ച് ഓഫിസര്‍ മരങ്ങള്‍ മുറിക്കുവാന്‍ പെര്‍മിറ്റ് നല്‍കിയത്. കേസ് നിലനില്‍ക്കുന്ന ഭൂമിയുടെ സര്‍വെ നമ്പറും മറ്റ് കാര്യങ്ങളും കൃത്യമായി ലഭിച്ചിട്ടും വന്‍കിട കമ്പനിക്ക് അനധികൃതമായി മരം മുറിക്കുന്നതിന് ഡിഎഫ്ഒ അടക്കം കൂട്ടുനിന്നുവെന്നുമാണ് ആരോപണം.