128 ഇനം പച്ചക്കറികളിലും പഴത്തിലും 'വിഷം'; ജൈവ പച്ചക്കറികളിലും കീടനാശിനി

പൊതു വിപണിയില്‍ നിന്ന് ശേഖരിച്ച് 729 ഇനം ഭക്ഷ്യവസ്തുക്കളില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ 128 ഇനങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം. മുന്തിരി, പച്ചമുളക്, കോളിഫളവര്‍ എന്നിവയില്‍ നിരോധിത കീടനാശിനായ പ്രഫൈനോഫോസ് കണ്ടെത്തി.

Update: 2019-10-18 04:08 GMT

തിരുവനന്തപുരം: പൊതു വിപണിയില്‍ നിന്ന് ശേഖരിച്ച് 729 ഇനം ഭക്ഷ്യവസ്തുക്കളില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ 128 ഇനങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം. മുന്തിരി, പച്ചമുളക്, കോളിഫളവര്‍ എന്നിവയില്‍ നിരോധിത കീടനാശിനായ പ്രഫൈനോഫോസ് കണ്ടെത്തി. വെള്ളായണി കാര്‍ഷിക സര്‍വകലാശാല നടത്തിയ പരിശോധനയിലാണ് കീടനാശിനികളുടെ അമിതോപയോഗം സംബന്ധിച്ച സൂചനകളുള്ളത്.

മുന്തിരിയില്‍ നിരോധിച്ചതടക്കം എട്ടിനം കീടനാശിനികളാണ് കണ്ടെത്തിയത്. ഇതില്‍ ഒരു കീടനാശിനി മാത്രമാണ് പ്രയോഗിക്കാന്‍ ശുപാര്‍ശയുള്ളത്. അപ്പിളിലും തണ്ണിമത്തലിനുമെല്ലാം കീടനാശിനിയുടെ സാന്നിധ്യമുണ്ട്. പച്ചമുളകില്‍ ശുപാര്‍ശ ചെയ്തിട്ടില്ലാത്ത അഞ്ചിനം കീടനാശിനിയാണ് കണ്ടെത്തിയത്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ താരതമ്യേന സുരക്ഷിതമാണെന്നും റിപോര്‍ട്ടിലുണ്ട്.

ജൈവപച്ചക്കറിയെന്ന പേരില്‍ വില്‍ക്കുന്നതില്‍ പലതും വിഷം കലര്‍ന്ന വ്യാജനാണെന്ന് കണ്ടെത്തി. വെണ്ട, തക്കാളി, കാപ്‌സിക്കം, വെള്ളരി, പടവലം, പയര്‍ തുടങ്ങിയ ജൈവ ഇനങ്ങളിലാണ് പ്രയോഗിക്കാന്‍ പാടില്ലാത്ത കീടനാശിനി കണ്ടെത്തിയത്. ജൈവം എന്ന ലേബലില്‍ വന്‍വിലയ്ക്ക് വില്‍ക്കുന്ന പച്ചക്കറികളില്‍ കീടനാശിനി കണ്ടെത്തിയത് ഗൗരവമായി എടുക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

പൊതുവിപണിയില്‍ ലഭിക്കുന്ന ചുവപ്പ് ചീര, ബീന്‍സ്, വെണ്ട, പാവല്‍, വഴുതന, കത്തിരി, കാബേജ്, കാപ്‌സിക്കം, കോളിഫളവര്‍, സാമ്പാര്‍ മുളക്, അമരയ്ക്ക, കറിവേപ്പില, മുരിങ്ങക്ക, പച്ചമുളക്, കോവയ്ക്ക, വെള്ളരി, പുതിനയില, സലാഡ് വെള്ളരി, പടവലം, തക്കാളി, പയര്‍, ആപ്പിള്‍, പച്ചമുന്തിരി, തണ്ണിമത്തന്‍, ജീരകം, പെരുംജീരകം എന്നിവയില്‍ കീടനാശിനിയുണ്ട്. ഉപയോഗിച്ചവയില്‍ 90 ശതമാനം കീടനാശിനികളും ശുപാര്‍ശ ചെയ്യാത്തവയാണ്.

അതേ സമയം, കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളിലാണ് ഏറ്റവും കുറവ് കീടനാശിനി കണ്ടെത്തിയത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച 21 ഇനം പച്ചക്കറികളില്‍ 14.39 ശതമാനത്തില്‍ മാത്രമേ കീടനാശിനിയുള്ളു. പൊതുവിപണിയെ അപേക്ഷിച്ച് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സുരക്ഷിതമാണ്.

2019 ജനുവരി മുതല്‍ ജൂണ്‍ വരെ സേഫ് ടു ഈറ്റ് പദ്ധതിപ്രകാരം നടത്തിയ 729 ഭക്ഷ്യവസ്തുക്കളില്‍ 128 എണ്ണത്തിലാണ് കീടനാശിനി കണ്ടെത്തിയത്. വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട പരിശോധനാ ലബോറട്ടറിയാണ് പഠനം നടത്തിയത്.

അതേ സമയം, ആശങ്കപ്പെടാന്‍ മാത്രമുള്ള സാഹചര്യം കേരളത്തില്‍ ഇല്ലെന്ന് ലോകഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ശില്‍പ്പശാല പുറത്തുവിട്ട നയരേഖയില്‍ പറയുന്നു. ഭക്ഷണ പ്ലേറ്റില്‍ പകുതി പച്ചക്കറികളും പഴവര്‍ഗങ്ങളും കൊണ്ട് നിറയ്ക്കണം. കീടനാശിനികളുടെ വിഷകരമായ സാന്നിധ്യം കേവലം മൂന്ന് ശതമാനത്തിലും ഏതെങ്കിലും അളവിലുള്ള സാന്നിധ്യം 15 ശതമാനത്തിലും താഴെ പച്ചക്കറികളില്‍ മാത്രമേ ഉള്ളൂ. കഴുകുക, തൊലി കളയുക, പുളിവെള്ളം, വിനാഗിരി എന്നിവ തേച്ചു വൃത്തിയാക്കുക തുടങ്ങിയ പ്രക്രിയകളിലൂ ഈ വിശാഷം നീക്കം ചെയ്യപ്പെടും. നേന്ത്രപ്പഴം, പൈനാപ്പിള്‍ തുടങ്ങിയ പഴ വര്‍ഗങ്ങളില്‍ രാസപദാര്‍ഥങ്ങള്‍ ഒട്ടും തന്നെ കണ്ടെത്താനായിട്ടില്ല. നമ്മുടെ നാട്ടില്‍ ലഭ്യമാവുന്ന പഴവര്‍ങ്ങളും പച്ചക്കറികളും ഉപയോഗിക്കുകയും അന്യനാട്ടില്‍ നിന്നുവരുന്ന പച്ചക്കറികളും പലവ്യഞജനങ്ങളും പ്രത്യേകിച്ച് കറിയിവേപ്പില, മുളക് എന്നിവ ഉപേക്ഷിക്കേണ്ടതും അത്യാവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

Tags:    

Similar News