പെട്ടിമുടി ദുരന്തം: ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം 56 ആയി
ഇത്രയും ദിവസം പഴക്കമുള്ളതിനാല്‍ മൃതദേഹം ഇതുവരെ തിരിഞ്ഞറിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഇടുക്കി: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ രാജമല പെട്ടിമുടിയില്‍നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. രാവിലെ ആരംഭിച്ച തിരച്ചിലിലാണ് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. എന്നാല്‍, ഇത്രയും ദിവസം പഴക്കമുള്ളതിനാല്‍ മൃതദേഹം ഇതുവരെ തിരിഞ്ഞറിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതോടെ ആകെ പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 56 ആയി ഉയര്‍ന്നു. ഇനി 14 പേരെക്കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം.
തിരച്ചില്‍ എട്ടാംദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താനായിരുന്നില്ല. രാവിലെ എട്ടുമണിയ്ക്ക് ആരംഭിച്ച തിരച്ചില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വൈകീട്ട് അഞ്ചുമണിയോടെ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് കന്നിയാറിലാണ് കൂടുതല്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പുഴയില്‍ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളില്‍ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. ഇതോടൊപ്പം ലയങ്ങള്‍ക്ക് മുകളിലെ മണ്ണുനീക്കിയും പരിശോധന തുടരും.
എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും സന്നദ്ധസംഘടനകളും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. മണ്ണിടിച്ചിലില്‍ വലിയ പാറക്കൂട്ടങ്ങള്‍ വന്നടിഞ്ഞിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. പാറപൊട്ടിച്ചും മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണ് നീക്കിയുമാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്.