തിരുവന്തപുരം: ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപതിരഞ്ഞെടുപ്പ് സമയം നോക്കി വാര്‍ത്തകള്‍ മെനയുകയാണ്. വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണ്. ഇത് യുഡിഎഫിനെയും ബിജെപിയെയും സഹായിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്ര അവഗണനയ്ക്കെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. 2018ലെ മഹാപ്രളയത്തില്‍ പലരും കേരളത്തെ സഹായിച്ചു. എന്നാല്‍ അര്‍ഹതപ്പെട്ട സഹായം ലഭിച്ചില്ല. സഹായം തരാമെന്ന് പറഞ്ഞവരെ മുടക്കി. ഈ ഘട്ടത്തിലേക്ക് കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയായില്ല എന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.
ചൂരല്‍മല മുണ്ടക്കൈ ദുരന്തം ഇന്ത്യ കണ്ട ദുരന്തങ്ങളില്‍ വലിയ ഒന്നാണ്. കേരളത്തില്‍ ദുരന്തം ഉണ്ടായതിനുശേഷം മറ്റ് സംസ്ഥാനങ്ങളിലുണ്ടായ ദുരന്തങ്ങള്‍ക്ക് കേന്ദ്രം തുക അനുവദിച്ചു. കേരളം ഇന്ത്യയ്ക്ക് പുറത്തുള്ളതല്ല. പ്രധാനമന്ത്രി വയനാട് വന്നപ്പോള്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു.കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുത്തു. ഒടുവില്‍ ഹൈക്കോടതിക്ക് മാധ്യമങ്ങളെ നിശിതമായ വിമര്‍ശിക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.