നടന്‍ ഇന്ദ്രന്‍സ് ഏഴാം തരം തുല്യതാ പരീക്ഷ പാസായി; 500ല്‍ 297 മാര്‍ക്ക്, അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി
ഫലമറിയുമ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു താരം. പത്താംക്ലാസ് പരീക്ഷ ഇതുപോലെ എളുപ്പമല്ല, വല്യ പാടാണെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു.
തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സ് ഏഴാം തരം തുല്യതാ പരീക്ഷ പാസായി. 500ല്‍ 297 മാര്‍ക്ക് നേടിയാണ് ഇന്ദ്രന്‍സിന്റെ വിജയം. 68ാം വയസ്സിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്. കുടുംബപ്രാരാബ്ധങ്ങള്‍ മൂലം നാലാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇന്ദ്രന്‍സ് തയ്യല്‍ കടയില്‍ ജോലി തുടങ്ങുകയായിരുന്നു. പിന്നീട് സിനിമയിലെത്തി വസ്ത്രാലങ്കാരം നടത്തിയതിന് ശേഷം മികച്ച അഭിനേതാവെന്ന പേരെടുക്കുമ്പോഴും പാതിവഴിയില്‍ മുടങ്ങിയ പഠനവഴിയിലേക്കു വീണ്ടും മടക്കയാത്രയെന്ന മോഹം മനസ്സിലുണ്ടായിരുന്നു.
പരീക്ഷയില്‍ വിജയിച്ച ഇന്ദ്രന്‍സിനെ അനുമോദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. '' അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രന്‍സ് വിജയിച്ചു. ഇന്ദ്രന്‍സിനും ഒപ്പം വിജയിച്ച 1483 പേര്‍ക്കും അഭിനന്ദനങ്ങള്‍''- ശിവന്‍കുട്ടി പറഞ്ഞു. ഫലമറിയുമ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു താരം. പത്താംക്ലാസ് പരീക്ഷ ഇതുപോലെ എളുപ്പമല്ല, വല്യ പാടാണെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു.